വിളനിലം – പിലാക്കാവ് റോഡ് പണി അനാസ്ഥ; നഗരസഭ ഹൈക്കോടതിയിലേക്ക്
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ വിളനിലം- പിലാക്കാവ് റോഡിന് 2021 -22ൽ റീ- ബിൽഡ് കേരള 3 കോടി 86 ലക്ഷം രൂപ അനുവദിച്ച് പണികൾ ആരംഭിച്ചെങ്കിലും കരാറുകാരന്റെ അനാസ്ഥമൂലം രണ്ട് വർഷം കഴിഞ്ഞിട്ടും റോഡ് പ്രവൃത്തി പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ പിവിഎസ് മൂസ്സ പറഞ്ഞു. 200 ഓളം കുടുംബങ്ങൾ ഈ റോഡിന്റെ ഉപയോക്താക്കളാണ്. മഴക്കാലം ആയാൽ ഇവിടെ കാൽനട പോലും അസാധ്യമാണ്.
വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ പോകുന്നതിനോ രോഗികൾക്ക് ആശുപത്രിയിൽ പോകുന്നതിനോ ഒരു വാഹനത്തിന് പോലും പോകാൻ കഴിയാത്ത രീതിയിൽ റോഡ് ചെളിക്കളമായി തീരും നഗരസഭ കഴിഞ്ഞ മഴക്കാലത്ത് 65 ലോഡ് ക്വാറിവേസ്റ്റ് ഇട്ടാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. കരാറുകാരന്റെയും ഉദ്യോഗസ്ഥന്മാരുടെയും നാട്ടുകാരുടെയും പല യോഗങ്ങൾ നഗരസഭ വിളിച്ചു ചേർത്തെങ്കിലും റോഡ് പണി പൂർത്തികരിക്കാതെ കരാറുകാരൻ വിദേശത്തേക്ക് പോകുകയും ചെയ്തു.
ഈ സാഹചര്യത്തിൽ നിലവിലെ കരാറുകാരനെ ഒഴിവാക്കി പുതിയ ടെണ്ടർ വിളിച്ചെങ്കിലും, വിദേശത്ത് പോയ കരാറുകാരൻ നവാസ് എന്ന വ്യക്തിക്ക് പവർ ഓഫ് അറ്റോർണി നൽകി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത‌് റോഡ് പണി തടസ്സപ്പെടുത്തിയിരിക്കുകയാണ്. റോഡിന്റെ പ്രവർത്തി എത്രയും വേഗത്തിൽ പൂർത്തീകരിച്ച് വിളനിലം-പിലാക്കാവ് റോഡ് ഗതാഗതയോഗ്യമാക്കണം എന്ന് ആവശ്യപ്പെട്ട് നഗരസഭ ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരാൻ തീരുമാനിച്ചതായി പി വി എസ് മൂസ പ്രസ്താവനയിൽ അറിയിച്ചു.





Leave a Reply