വേനലവധി ആഘോഷമാക്കാൻ ‘ഒസാദാരി’ തേടി അവരെത്തി
മാനന്തവാടി: മാനന്തവാടി പുതിയ അധ്യായന വർഷത്തെ വരവേറ്റ് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബാലസഭ, ബ്രിഡ്ജ് കോഴ്സ് കുട്ടികൾക്കായി ഒസാദാരി 4 (പുതുവഴികൾ) പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് സബ് കളക്ടർ മിസൽ സാഗർ ഭരത് വിദ്യാർത്ഥികളുമായി സംവദിച്ചു.
മെയ് 13,14,15 തീയതികളിൽ കൊയിലേരി ക്ലേ ക്ലബ്ബിൽ വെച്ച് സംഘടിപ്പിച്ച ത്രിദിന ക്യാമ്പ് കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി മാറി. വ്യക്തിത്വ വികസനത്തിലൂന്നിയുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകികൊണ്ട് പ്രവർത്തി പരിചയം, കുരുത്തോല കളരി, നൃത്ത പരിശീലനം എന്നിവ കുട്ടികൾക്ക് വേറിട്ട അനുഭവമായി. തിരുനെല്ലിയിലെ വിവിധ വാർഡുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം കുട്ടികളാണ് ഒസാദാരി ക്യാമ്പിൽ പങ്കെടുത്തത്.
‘ഭൂമിക്ക് എന്നന മാറ്റാ എന്ന ക്യാമ്പ് കയ്യെഴുത്തു മാഗസീനിലൂടെ ആഗോള താപനവും കുടിവെള്ള പ്രശ്നവും, വന്യമൃഗ ഭീഷണിയുമായി ബന്ധപ്പെട്ട് ആകുലതകളും, പരിഹാര മാർഗങ്ങളും കുട്ടികൾ ചർച്ച ചെയ്തു. കാലാവസ്ഥ വ്യതിയാനവും ഊരിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച നാടകം ജലം സമാപന സമ്മേളനത്തിൽ ശ്രദ്ധേയമായി.
കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻആർഎൽഎം സ്പെഷ്യൽ പ്രൊജക്റ്റ് കോർഡിനേറ്റർ സായി കൃഷ്ണ സ്വാഗതം പറഞ്ഞു. കുടുംബശ്രീ അഡിഎംസി റജീന വി കെ, തിരുനെല്ലി സി.ഡി.എസ് ചെയർ പേഴ്സൺ സൗമിനി, റിസോഴ്സ് പേഴ്സൺ അശോകൻ എന്നിവർ സംസാരിച്ചു. എൻആർഎൽഎം സ്പെഷൽ പ്രൊജക്റ്റ് അസിസ്റ്റന്റ്റ് കോർഡിനേറ്റർ രാജീവ് ആർ നന്ദി പറഞ്ഞു.





Leave a Reply