വീട് നിറയെ ചിതൽപ്പുറ്റുകൾ: താമസമൊഴിഞ്ഞ് കുടുംബം
പുൽപ്പള്ളി: സ്വന്തമായി ആകെയുള്ള വീട് ചിതൽപ്പുറ്റുകൾക്ക് വിട്ടുകൊടുത്ത് അമ്മയും മകളും താമസമൊഴിഞ്ഞുപോയി. വീട് മുഴുവൻ ചിതൽപ്പുറ്റുകൾ കൈയടക്കിയതോടെയാണ് ഗത്യന്തരമില്ലാതെ ചേകാടി കട്ടക്കണ്ടി കോളനിയിലെ ബിന്ദുവിനും മകൾക്കും താമസമൊഴിയേണ്ടിവന്നത്. വീട്ടിനുള്ളിൽ ഇപ്പോഴും ചിതൽപ്പുറ്റുകൾ വളർന്നുയർന്നുകൊണ്ടിരിക്കുകയാണ്. പുറ്റ് തട്ടിക്കളഞ്ഞാലും അടുത്തദിവസം അതിലും വലുതുണ്ടാവുന്നു.
വർഷങ്ങൾക്കുമുമ്പ് പഞ്ചായത്ത് നിർമിച്ചുനൽകിയ കൊച്ചുവീട്ടിലാണ് ബിന്ദുവും മകൾ ബീനയും താമസിച്ചിരുന്നത്. വീട്ടിൽ താമസമാക്കി ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ അതിഥികളായി ചിതലുകളുമെത്തി. ഇവർ പിന്നീട് തിരിച്ചുപോയില്ല. സിമൻ്റ് തറയിൽ പുറ്റ് വളർന്നിരുന്നത് ബിന്ദുവും മകളും തട്ടിക്കളയാറായിരുന്നു പതിവ്. എന്നാൽ പിന്നീട് പുറ്റിന്റെ വളർച്ചയ്ക്ക് ശക്തിയേറി. ആദ്യമാദ്യം ചിതൽപ്പുറ്റുകളെ കാര്യമാക്കാതെ വീട് വൃത്തിയാക്കി താമസം തുടർന്നു. എന്നാൽ പതിയെ വീട് മുഴുവൻ വലിയ ചിതൽപ്പുറ്റുകളാൽ നിറഞ്ഞു.
വീടിന്റെ വരാന്തയിലും ഹാളിലും മുറികളിലുമെല്ലാം നിറയെ ചിതൽപ്പുറ്റുകളാണ്. ചിതൽപ്പുറ്റുകളെ ഒഴിവാക്കാൻ പലമാർഗങ്ങളും പരീക്ഷിച്ചിട്ടും ഒന്നും ഫലംകണ്ടില്ല. വരാന്തയിൽ ചിതൽപ്പുറ്റുകൾ നിറഞ്ഞതിനാൽ ഇപ്പോൾ വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻപോലും കഴിയില്ല. ചിതൽപ്പുറ്റിന് ചുറ്റും മാളങ്ങളുമുണ്ട്.
ചിതൽപ്പുറ്റുകൾനിറഞ്ഞ് അറപ്പുളവാക്കുന്ന വീട്ടിനുള്ളിൽ താമസിക്കാൻ കഴിയാത്ത സ്ഥിതിയായതോടെ, കോളനിയിൽത്തന്നെയുള്ള ബിന്ദുവിന്റെ അമ്മ മാരയുടെ വീട്ടിലേക്ക് ഇവർ താമസം മാറ്റുകയായിരുന്നു. വീട്ടിൽ വലിയ ചിതൽപ്പുറ്റുകൾവന്നത് ദൈവിക സാന്നിധ്യമുള്ളതിനാലാണെന്ന വിശ്വാസത്തിൽ ചിലർ വിശേഷദിവസങ്ങളിൽ ബിന്ദുവിന്റെ വീട്ടിലെ ചിതൽപ്പുറ്റുകൾക്ക് മുന്നിൽ വിളക്ക് തെളിയിച്ച് പൂജകളും നടത്തുന്നുണ്ട്.





Leave a Reply