കനത്തമഴയിൽ പാലം ഒലിച്ചുപോയി; പന്തല്ലൂരിൽ ഗതാഗതം മുടങ്ങി
പന്തല്ലൂർ: തുടർച്ചയായി പെയ്യുന്ന മഴയിൽ പാലം ഒലിച്ചുപോയി പന്തല്ലൂരിൽ ഗതാഗതം തടസ്സപ്പെട്ടു. പന്തല്ലൂരിനു സമീപം പാലവയലിൽ പുഴയ്ക്കുകുറുകെ പണിത താത്കാലികപാലമാണ് ഒലിച്ചുപോയത്. കൊളപ്പള്ളി, കടലായിക്കൊല്ലി, മാങ്ങാംവയൽ, അമ്മങ്കാവ് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് ഗൂഡല്ലൂർ- സുൽത്താൻബത്തേരി അന്തസ്സംസ്ഥാനപാതയിലെ പാട്ടവയലിലേക്കും ബിദർക്കാടേക്കും എത്തിച്ചേരാനുള്ള പാലമാണിത്.
പുഴയ്ക്കുകുറുകെയുണ്ടായിരുന്ന പാലം രണ്ടുവർഷംമുമ്പ് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയിരുന്നു. ഇപ്പോൾ നബാർഡിന്റെ സഹായത്തോടെ മൂന്നുകോടിരൂപ ചെലവിൽ പുതിയ പാലത്തിന്റെ നിർമാണം നടക്കുകയാണ്. വാഹനങ്ങൾക്കും ആളുകൾക്കും പുഴയ്ക്ക് മറുകരയെത്താനായി പുതിയപാലത്തോടു ചേർന്ന് താത്കാലിക മൺപാലം നിർമിച്ചിരുന്നു. ഭാരവാഹനങ്ങളുൾപ്പെടെ കടന്നുപോയത് ഈ പാലത്തിലൂടെയായിരുന്നു.
തിങ്കളാഴ്ച രാത്രിപെയ്ത കനത്തമഴയിൽ പുഴയിൽ വെള്ളംകയറി താത്കാലികപാലവും ഒലിച്ചുപോവുകയായിരുന്നു. പാലമില്ലാതായതോടെ രണ്ടുഭാഗങ്ങളും തമ്മിൽ ഒറ്റപ്പെട്ട നിലയിലായി. പ്രദേശത്ത് റവന്യുവകുപ്പ് പരിശോധന നടത്തി. ഗതാഗതം പുനഃസ്ഥാപിക്കാൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.





Leave a Reply