May 6, 2026

ഒന്നര പതിറ്റാണ്ടിനിടെ വയനാട്ടില്‍ ജീവനൊടുക്കിയത് നൂറിലേറെ കര്‍ഷകര്‍

0
Img 20240526 121932
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഒന്നര പതിറ്റാണ്ടിനിടെ വയനാട്ടില്‍ ജീവനൊടുക്കിയത് നൂറിലേറെ കര്‍ഷകര്‍. ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. കടബാധ്യതയാണ് കര്‍ഷക ആത്മഹത്യകള്‍ക്കു പ്രധാന കാരണമെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പ എടുക്കുന്നതിനുള്ള സൗകര്യം കര്‍ഷകര്‍ക്കു വിനയാകുകയാണ്. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ ബാധ്യതയില്‍നിന്നു മുക്തി നേടാന്‍ കര്‍ഷകര്‍ ആത്മഹത്യയെ ആശ്രയിക്കുകയാണ്.

കൃഷി ആവശ്യത്തിനു വായ്പയ്ക്ക് കര്‍ഷകര്‍ പൊതുവേ സമീപിക്കുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കുകളെയാണ്. ഈ ബാങ്കുകള്‍ പിന്തുടരുന്ന കര്‍ശന വ്യവസ്ഥകള്‍ വായ്പ ലഭിക്കുന്നതിനു തടസമാകുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ സ്വകാര്യ കാര്യ സ്ഥാപനങ്ങളെ അമിതമായി ആശ്രയിക്കും. ഇത്തരം സ്ഥാപനങ്ങള്‍ അമിത പലിശയും തിരിച്ചടവില്‍ കര്‍ശന നിബന്ധനകളുമായി എളുപ്പം വായ്പ അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങളുടെ ഉയര്‍ന്ന പലിശ നിരക്ക് കര്‍ഷകരെ ഞെക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ ഉയര്‍ന്ന പലിശ ഈടാക്കുന്നതു തടയണം.

കര്‍ഷകര്‍ക്കുള്ള ബാങ്കിംഗ് സൗകര്യം മെച്ചപ്പെടുത്തണം. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പുവരുത്തണം. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന കൃഷിനാശം പ്രതിരോധിക്കാന്‍ നടപടി ഉണ്ടാകണം. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനു പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമെടുക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ.വി. ദേവദാസിന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ്‌ചെയര്‍മാന്‍ കെ. ബൈജുനാഥ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തേടിയത്. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കര്‍ഷക ആത്മഹത്യ തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ നിര്‍ദേശം നല്‍കി.

നടപ്പാക്കാനുദ്ദേശിക്കുന്ന കര്‍ഷക സഹായ പദ്ധതികളുടെ വിവരം ചീഫ് സെക്രട്ടറി മൂന്നു മാസത്തിനം ലഭ്യമാക്കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *