വിപുലമായ ക്രമീകരണങ്ങൾ ; ജനവിധി അറിയാൻ വയനാട് ഒരുങ്ങി
കല്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണലിന് വിപുലയായ ക്രമീകരണങ്ങൾ പൂർത്തിയായി. ജില്ലയിൽ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്നത് മുട്ടിൽ ഡബ്ല്യൂ എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജിലാണ്. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നിലമ്പൂര്‍ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും, തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് നടക്കുന്നത്.
കനത്ത സുരക്ഷാ വലയത്തിലാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഓരോ നിയോജകമണ്ഡലത്തിനും പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന ഹാളുകളിൽ കേന്ദ്ര -സംസ്ഥാന ആംഡ് പോലീസ്, സിവിൽ പോലീസ് എന്നിവർ കർശനസുരക്ഷ ഒരുക്കിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ അനുവാദം.
വോട്ടെണ്ണൽ ഹാളിലേക്ക് മൊബൈൽഫോൺ പ്രവേശിപ്പിക്കാനാവില്ല. ഡ്യൂട്ടിക്ക് നിയോഗിച്ചവരുടെ മൊബൈൽ ഫോണുകൾ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പുറത്ത് പ്രത്യേകം കൗണ്ടറുകളിൽ സൂക്ഷിക്കും. എല്ലായിടങ്ങളിലും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സ്ട്രോങ് റൂമുകളിലും പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.





Leave a Reply