May 7, 2026

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍  ശുചിത്വ-മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍

0
20240605 190814
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : പാഠ്യപദ്ധതിയില്‍ മാലിന്യ സംസ്‌കരണത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കി വിദ്യാഭ്യാസ വകുപ്പ്. കുട്ടികളിലെ സ്വഭാവ രൂപീകരണ സമയത്ത് മാലിന്യ സംസ്‌കരണ പാഠങ്ങള്‍ പഠിപ്പിക്കുന്നതിനും കുട്ടികള്‍ ശീലിക്കേണ്ട ജീവിത ശൈലികള്‍ സംബന്ധിച്ചും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സാധ്യമാവുകയാണ്. കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതിനും മാലിന്യ സംസ്‌കരണ- പരിസര ശുചിത്വ വിഷയങ്ങളില്‍ ശരിയായ ബോധ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി ജോസ് പറഞ്ഞു.

 

മാലിന്യ സംസ്‌കരണം, പരിസര ശുചിത്വം സംബന്ധിച്ച വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് കുട്ടികളുടെ ശൈലി രൂപീകരണത്തിന് അത്യന്താപേക്ഷിതമാണ്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപനത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ പാഠ്യപദ്ധതിയിലെ പരിഷ്‌കാരം.

 

എന്റെ വിദ്യാലയം ശുചിത്വവിദ്യാലയം എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന പാഠഭാഗത്തില്‍ സ്വന്തം വിദ്യാലയത്തിന്റെ ശുചിത്വ നിലവാരം വിലയിരുത്താന്‍ പട്ടികകള്‍, മാലിന്യ പരിപാലനം അടിസ്ഥാന മാനദണ്ഡങ്ങള്‍, മാലിന്യം വലിച്ചെറിഞ്ഞാല്‍ സംഭവിക്കുന്ന ദൂഷ്യവശങ്ങള്‍, അനുബന്ധ വിഷയങ്ങളാണ് കുട്ടികള്‍ക്കായി തയ്യാറാക്കിയത്. ശുചിത്വത്തിന്റെ ആദ്യാക്ഷരങ്ങള്‍ ചെറുപ്രായത്തില്‍ ശീലിപ്പിക്കുക ലക്ഷ്യമിട്ട് മാലിന്യം ഉറവിടത്തില്‍ തന്നെ വ്യത്യസ്ത ബിന്നുകള്‍ ഉപയോഗപ്പെടുത്തി തരംതിരിക്കല്‍, ഭക്ഷണ മാലിന്യങ്ങള്‍ കമ്പോസ്റ്റിംങിലൂടെ വളമാക്കി മാറ്റല്‍ എന്നിവയും പാഠഭാഗങ്ങളില്‍ പ്രതിപാദിക്കുന്നു.

 

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുതെന്നും പാഠഭാഗത്തില്‍ കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സമൂഹത്തില്‍ ശരിയായ മാലിന്യ സംസ്‌കരണ സംസ്‌കാരം വളര്‍ത്താന്‍ കുട്ടികളെ പങ്കാളികളാക്കാനും വരും തലമുറയില്‍ മാലിന്യ സംസ്‌കരണ സംസ്‌കാരം വളര്‍ത്തിയെടുക്കാനും സാധ്യമാവുന്ന തരത്തിലാണ് പാഠഭാഗം തയ്യാറാക്കിയിട്ടുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *