November 10, 2026

ഗോപാലൻ നമ്പ്യാർക്ക് ഭൂമിയുടെ ആധാരങ്ങൾ തിരികെ ലഭിച്ചു

0
WhatsApp Image 2026-11-07 at 6.51.03 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജീവിതാന്ത്യം വരെ സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് ഭാര്യയുടെ ബന്ധുക്കൾ കൈവശപ്പെടുത്തിയ ഒരേക്കർ 28 സെന്റ് ഭൂമിയുടെ ആധാരങ്ങൾ ഗോപാലൻ നമ്പ്യാർക്ക് തിരികെ ലഭിച്ചു. ഭൂമിയുടെ നാല് ആധാരങ്ങളും റദ്ദാക്കി മാനന്തവാടി സബ് കലക്ടർ അതുൽ സാഗർ ഐ.എ.എസ്. നേരത്തെ ഉത്തരവിട്ടിരുന്നു.

പാലിയാണയിലെ എടച്ചന തേനോത്തുമ്മൽ കുടുംബാംഗമായ ഗോപാലൻ നമ്പ്യാർ, മുതിർന്ന പൗരന്മാരുടെയും രക്ഷാകർത്താക്കളുടെയും സംരക്ഷണത്തിനായുള്ള കേന്ദ്രനിയമത്തിന്റെ പിൻബലത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ചെയർമാനായ ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടർന്നാണ് നടപടി. നീലേശ്വരത്തുള്ള ഭാര്യയുടെ ബന്ധുക്കളുടെ വീട്ടിൽ ദുരിതപൂർണമായ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തെ സഹോദരിയും മറ്റുള്ളവരും ചേർന്ന് പാലിയാണയിലെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് സ്വത്തുക്കൾ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിച്ചു.

പ്രശ്നപരിഹാരത്തിനായി നിരന്തരം ഇടപെട്ട കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹി കെ.ജി. പുരുഷോത്തമൻ മാസ്റ്റർ വെള്ളമുണ്ട സബ് രജിസ്ട്രാർ ഓഫീസിൽനിന്ന് പുതുതായി ലഭ്യമാക്കിയ ആധാരങ്ങൾ പാലിയാണ നെഹ്റു മെമ്മോറിയൽ ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ഗോപാലൻ നമ്പ്യാർക്ക് കൈമാറി.

മക്കളില്ലാതിരുന്ന ഗോപാലൻ നമ്പ്യാരുടെയും ഭാര്യ സൗദാമിനിയുടെയും സംരക്ഷണം ഏറ്റെടുക്കാമെന്ന പേരിൽ സൗദാമിനിയുടെ സഹോദരമകൾ ശൈബയും ഭർത്താവ് ഹരിദാസും ചേർന്ന് 2017 മുതൽ 2024 വരെയുള്ള കാലയളവിലാണ് വസ്തുവും വീടും വഴിയും അടക്കം സ്വന്തം പേരിലാക്കിയത്. 2017-ൽ ഭാര്യയ്ക്ക് പക്ഷാഘാതം പിടിപെട്ടതിനെ തുടർന്ന് ഇവർ നീലേശ്വരത്തുള്ള ശൈബയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാൽ 86-ാം വയസ്സിലും രോഗിയായ ഭാര്യയെ പരിചരിക്കേണ്ടി വരികയും സാമ്പത്തിക ചൂഷണവും ശാരീരിക അവശതകളും നേരിടുകയും ചെയ്ത ഗോപാലൻ നമ്പ്യാർക്ക് അർഹമായ പരിരക്ഷ ലഭിച്ചില്ല. തുടർന്ന് സഹോദരി ഇദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. 2025-ൽ സൗദാമിനി മരിച്ചതോടെ ഇരു കുടുംബങ്ങളും തമ്മിലുള്ള ബന്ധവും അവസാനിച്ചു.

കിടപ്പാടം നഷ്ടപ്പെട്ട് ശാരീരികമായി തളർന്ന ഗോപാലൻ നമ്പ്യാർ പെൻഷൻ അസോസിയേഷൻ ഭാരവാഹിയായ പുരുഷോത്തമൻ മാസ്റ്ററുടെ സഹായത്തോടെയാണ് മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള ട്രൈബ്യൂണലിനെ സമീപിച്ചത്. മാനന്തവാടി റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റിനു മുന്നിൽ നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ, 2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമനിയമം സെക്ഷൻ 23(1) പ്രകാരം എതിർകക്ഷികൾ കൈവശപ്പെടുത്തിയ നാല് ആധാരങ്ങളും അസാധുവാക്കി റദ്ദ് ചെയ്യാൻ ട്രൈബ്യൂണൽ ചെയർമാൻ കൂടിയായ ആർ.ഡി.ഓ. അതുൽ സാഗർ ഐ.എ.എസ്. വെള്ളമുണ്ട സബ് രജിസ്ട്രാർക്ക് ഉത്തരവ് നൽകിയത്.

ചടങ്ങിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് അംഗം കെ. രാകേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കമർലൈല ഉദ്ഘാടനം ചെയ്തു. കെ.ജി. പുരുഷോത്തമൻ മാസ്റ്ററെ ചടങ്ങിൽ ഷാൾ അണിയിച്ച് ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, സവാൻ നാസർ, ഇ.കെ. ജയരാജൻ മാസ്റ്റർ, സുരേഷ് ബാബു, എം. കമൽ, എം. ഗംഗാധരൻ, സിസിലി വർഗീസ്, സുധീർ, മാത്യു വി.ജെ., വി. അഭിത, എ. സച്ചിദാനന്ദൻ, എൻ. കുഞ്ഞികൃഷ്ണൻ, പി.വി. ജോസ്, കെ.വി. നളിനാക്ഷൻ എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news