വയനാദിനത്തിൽ കൂട്ടുകാരുടെ പുസ്തക വിൽപ്പനയുമായി ഒഴക്കോടി സ്കൂൾ വിദ്യാർത്ഥികൾ
മാനന്തവാടി: ഒഴക്കോടി നാഷണൽ എൽ.പി.സ്കൂളിലെ ഇക്കോളജി ക്ലബ്ബിലെ കുട്ടികൾ ചിത്രശലഭ നിരീക്ഷണത്തിലൂടെയും പ്രകൃതി നീരീക്ഷണത്തിലൂടെയും കണ്ടെത്തിയ കുറിപ്പുകൾ സമാഹരിച്ച് പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിച്ച “തൊടിയിലെ പൂക്കളും പൂമ്പാറ്റകളും” എന്ന പുസതകത്തിൻ്റെ വിൽപ്പന ചന്ത ഒരുക്കി വേറിട്ട വായനാ ദിനാഘോഷം സംഘടിപ്പിച്ചു.
ഒഴക്കോടി സ്കൂളിന് മുൻവശത്ത് റോഡ് വക്കിൽ സ്റ്റാൾ ഒരുക്കിയാണ് കുട്ടികൾ പുസ്തകം വിറ്റഴിച്ചത്. 30-ൽ ഏറെ പുസ്തകമാണ് വഴിയാത്രക്കാരെ സമീപിച്ച് എൽ.പി.സ്കൂൾ കുട്ടികൾ വിറ്റഴിച്ചത്. സ്കൂളിലെ തങ്ങളുടെ കഴിഞ്ഞ വർഷം പഠിച്ച് പോയ ചേച്ചിമാരും ചേട്ടൻമാരും എഴുതിയ പുസ്തകം നാട്ടുകാരിൽ വായനക്കായി എത്തിക്കാൻ ആവേശകരമായാണ് കുട്ടികൾ റോഡ് വക്കിലിറങ്ങിയത്. വായനാ ദിനമെന്നതിലുപരി വായനാവാരം തന്നെ സംഘടിപ്പിച്ചതിൻ്റെ ആദ്യ ദിവസത്തെ പ്രവർത്തനമായിരുന്നു ഇത്.
വായനാ വാരത്തിൻ്റെ ഭാഗമായി കുട്ടികൾക്കായി പ്രത്യേക വായനശാല സന്ദർശനവും സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഷിജീഷ് എടാടത്ത്, എൻ.നിഖിൽ, മീനു ജനാർദ്ദനൻ, എൻ.മഞ്ചുഷ, രമ്യ. എൻ.കെ, സന്ധ്യ സേവ്യർഎന്നീ അധ്യാപകർ കുട്ടികൾക്ക് നേതൃത്വം നൽകി.
കുട്ടികളിൽ നിരീക്ഷണ പാഠവവും ഗവേഷണ, സ്വഭാവവും, ശാസ്ത്ര ബോധവും, മാനവികതയും, പരിസ്ഥിതി ബോധവുമെല്ലാം വളർത്താൻ ലക്ഷ്യമിട്ടാണ് ഇക്കോളജി ക്ലബ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ അദ്ധ്യായന വർഷാവസാനം പ്രസിദ്ധീകരിച്ച പുസ്തകം പീച്ചി വനഗവേഷണ കേന്ദ്രം പ്രിൻസിപ്പാൾ സയിൻ്റിസ്റ്റ് ഡോ.ടി.വി.സജിവ് ഒ.ആർ കേളു എം.എൽ.എക്ക് നൽകി പ്രകാശനം ചെയ്തിരുന്നു. ഇരുപത്തി അഞ്ച് കുട്ടികളുടെ നിരീക്ഷണക്കുറിപ്പുകളാണ് 71 പേജുകൾ ഉള്ള പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. എഴുത്തിൻ്റെയും വായനയുടെയും പുതുവഴികളിലൂടെ കുട്ടികളെ വഴി നടത്തുന്നതിന് മാതൃകയാവുകയാണ് ഒഴക്കോടി സ്കൂളിലെ അദ്ധ്യാപകർ.





Leave a Reply