August 26, 2026

ചങ്ങനാശേരിയിൽ നിന്ന് ‘ഉറക്കം തൂങ്ങി’ അധ്യാപകരെ വയനാട്ടിലേക്ക് മാറ്റിയ സംഭവം; പ്രതിഷേധം ശക്തം 

0
Img 20240628 175306
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: സ്റ്റാഫ് റൂമിൽ കിടന്നുറങ്ങുക, പഠിപ്പിക്കുന്നത് മനസിലാകാതിരിക്കുക, ജോലി ചെയ്യാതിരിക്കുക തുടങ്ങിയ ഗുരുതര കാരണങ്ങളാൽ നടപടി നേരിട്ട അധ്യാപികമാരെ വയനാട് ഉൾപ്പെടെയുള്ള ജില്ലകളിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധം.

ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് വകുപ്പുതല അന്വേഷണത്തിൽ തെളിഞ്ഞ കോട്ടയം ചങ്ങനാശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികമാർക്ക് വയനാട്ടിലെ ഗോത്രവർഗമേഖലകളിലെ സ്കൂളുകളിലേക്ക് കൂട്ടസ്ഥലംമാറ്റം നടത്തിയതാണ് വിവാദമാവുന്നത്.

പൂർണമായും അധ്യാപകരെ ആശ്രയിച്ച് പഠിക്കുന്ന വിദ്യാലയങ്ങളിലേക്കാണ് മാറ്റം. ചങ്ങനാശേരി ഗവ.എച്ച്.എസ്.എസിലെ അഞ്ചുപേരെയാണ് വയനാട്ടിലെ മൂന്നും കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഓരോ സ്കൂളുകളിലേക്കും സ്ഥലംമാറ്റിയിരിക്കുന്നത്.

കല്ലൂർ ഗവ. എച്ച്.എസ്.എസ്, നീർവാരം ഗവ.എച്ച്.എസ്.എസ്, പെരിക്കല്ലൂർ ഗവ.എച്ച്.എസ്.എസ്, കണ്ണൂർ വെല്ലൂർ ഗവ. എച്ച്.എസ്.എസ്, കോഴിക്കോട് ബേപ്പൂർ ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ എഡി.ബി 4/3218/2024/ഡി.ജി.ഇ നമ്പറിലുള്ള ഉത്തരവ് ജൂൺ 25നാണ് പുറത്തിറങ്ങിയത്. ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്ന സ്കൂളുകൾ പഠന നിലവാരത്തിൽ പിന്നോക്കമാണ്.

ഇവിടുത്തെ വിദ്യാർഥികൾ പഠനകാര്യങ്ങളിൽ സ്കൂളിലെ അധ്യാപകരെ പൂർണമായും ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തിലാണ് പിന്നോക്കക്കാരുടെ മക്കൾ പഠിക്കുന്ന അധ്യാപകരെ സ്ഥലം മാറ്റിയതിലുള്ള പ്രതിഷേധം.

വിദ്യാഭ്യാസ വകുപ്പ് കോട്ടയം റീജിയനൽ ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഡി.ഡി) നേരിട്ട് നടത്തിയ അന്വേഷണത്തിൽ അധ്യാപികമാർക്കെതിരെ കണ്ടെത്തിയ ഗുരുതര കുറ്റങ്ങൾ സ്ഥലംമാറ്റ ഉത്തരവിൽ വിശദമായി പറയുന്നുണ്ട്. ചങ്ങനാശേരി സ്കൂളിലെ പ്രിൻസിപ്പൽ ക്രമവിരുദ്ധമായി ജോലിഭാരം ഉയർത്തി ബുദ്ധിമുട്ടിക്കുന്നുവെന്ന് ഇംഗ്ലീഷ് അധ്യാപിക അധികൃതർക്ക് പരാതി നൽകിയതാണ് തുടക്കം.

ഇതിൽ അന്വേഷണം നടത്തിയ ആർ.ഡി.ഡി പരാതിയിൽ പറയുന്ന കാര്യങ്ങൾ പൂർണമായും തെറ്റാണെന്നും ജോലി ചെയ്യാനുള്ള മടി കാരണമാണ് പരാതിയെന്നും കണ്ടെത്തി. സ്കൂളിന്റെ പഠനനിലവാരം ഉയർത്തുന്നതിനായി സ്ഥലം എം.എൽ.എ അഡ്വ. ജോബ് മൈക്കിളും സ്കൂൾ പി.ടി.എയും മാനേജ്മെന്റ് കമ്മിറ്റിയും മുൻകൈയിൽ തുടങ്ങിയ വിവിധ പഠനപ്രവർത്തനങ്ങളുമായി ഈ അധ്യാപികമാർ സഹകരിച്ചില്ല.

സർക്കാർ നിർദേശിച്ചതുപ്രകാരം ഹയർസെക്കൻഡറി അധ്യാപകർക്ക് ആഴ്ചയിൽ 25 പീരിയഡ് വരെ നൽകാം. എന്നാൽ, 20 പീരിയഡ് മാത്രം നൽകപ്പെട്ടിട്ടും അധ്യാപിക പരാതി നൽകി. ഞായറാഴ്ച ഒഴികെ സ്​പെഷ്യൽ ക്ലാസ് നൽകാൻ തീരുമാനമായെങ്കിലും അധ്യാപികമാർ സമ്മതിച്ചില്ല.

ക്ലാസ് സമയത്തുപോലും സ്റ്റാഫ് റൂമിലെ ടേബിളിൽ കിടന്നുറങ്ങി. ഇവർ പഠിപ്പിക്കുന്നത് മനസിലാകുന്നില്ലെന്നും മാനസികമായി പ്രയാസപ്പെടുത്തുന്നുവെന്നും വിദ്യാർഥികളും മൊഴി നൽകിയിട്ടുണ്ട്. മുൻകാല ഫലങ്ങൾ പരിശോധിച്ചപ്പോൾ ഇംഗ്ലീഷിനാണ് ഏറ്റവും കുറഞ്ഞ മാർക്ക് കുട്ടികൾക്ക് ലഭിക്കുന്നതെന്നും കണ്ടെത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *