ദുരന്തബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ കൗണ്‍സലിംഗ് സെല്‍ രൂപീകരിക്കും: മന്ത്രി ആര്‍ ബിന്ദു
കൽപ്പറ്റ : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി പ്രത്യേക കൗണ്‍സലിങ് സെല്‍ രൂപീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കളക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹിക നീതി വകുപ്പിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിലാണ് പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുക. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു പുറമെ, ബന്ധുവീടുകളിലും മറ്റും കഴിയുന്നവര്‍ക്കും കൗണ്‍സലിംഗ് ലഭ്യമാക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. ആവശ്യാനുസരണം ടെലി കൗണ്‍സലിംഗ് സേവനവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
• വിദ്യാര്‍ത്ഥികള്‍ക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം
നേരിട്ടോ അല്ലാതെയോ ദുരന്തത്തിന് ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം നടപ്പിലാക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. സര്‍വ്വകലാശാലകള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്ന ഘട്ടത്തില്‍, ദുരന്തത്തിന്റെ ആഘാതത്തില്‍നിന്നും മോചിതരാകാത്ത കുട്ടികള്‍ക്കുവേണ്ടി അവര്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷകള്‍ നടത്തുന്നതാണ് സംവിധാനം.
നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം നല്‍കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വ്വകലാശാലകളില്‍ പ്രത്യേകം സെല്ലുകള്‍ തയ്യാറാക്കും. വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാര നടപടികള്‍ ക്രമീകരിക്കാന്‍ കല്‍പ്പറ്റ ഗവ കോളേജില്‍ പ്രത്യേക സെല്‍ (ഫോണ്‍ 9496810543) സജ്ജമാണ്. നഷ്ടപ്പെട്ട പോളിടെക്‌നിക് സര്‍ട്ടിഫിക്കറ്റുകള്‍ ഏതാനും ദിവസത്തിനകം നല്‍കാന്‍ സാങ്കേതികവിദ്യാഭ്യാസ വകുപ്പും നടപടി കൈക്കൊള്ളുന്നുണ്ട്. പാഠപുസ്തകവും ലാപ്ടോപ്പ് അടക്കമുള്ള ഡിജിറ്റല്‍ പഠനസാമഗ്രികളും നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കാന്‍ സംവിധാനമുണ്ടാക്കും. ഈ പ്രവര്‍ത്തങ്ങള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഏകോപിപ്പിക്കും. ദുരന്തത്തിന് ഇരയായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മൊബൈല്‍ ഫോണുകള്‍ എന്‍.എസ്.എസ് മുഖേന നല്‍കും. ദുരിതബാധിതര്‍ക്കായി 150 വീടുകള്‍ പണിതു നല്‍കാന്‍ എന്‍എസ്എസ് തീരുമാനിച്ചിരുന്നു. ഈ വീടുകളുടെ വയറിംഗ് ജോലികള്‍ സൗജന്യമായി ചെയ്തു നല്‍കാമെന്ന് ഇലക്ട്രിക്കല്‍ വയര്‍മെന്‍ സൂപ്പര്‍വൈസര്‍ ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് ഏകോപനസമിതി സമ്മതപത്രത്തിലൂടെ അറിയിച്ചതായും മന്ത്രി പറഞ്ഞു.
• വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ചേര്‍ത്തുനിര്‍ത്തും
ദുരന്തബാധിത മേഖലയിലെ വയോജനങ്ങക്കും ഭിന്നശേഷിക്കാര്‍ക്കും എല്ലാവിധ പിന്തുണയും സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വയോജനങ്ങള്‍ക്ക് വയോരക്ഷാ പദ്ധതി പ്രകാരവും ഭിന്നശേഷിക്കാര്‍ക്ക് പരിരക്ഷ പദ്ധതി പ്രകാരവും സുരക്ഷ ഉറപ്പുവരുത്തും. സമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയിലുള്ള കെയര്‍ ഹോമുകളില്‍ താമസ സൗകര്യം ഉറപ്പാക്കും. ആവശ്യമെങ്കില്‍ ഓര്‍ഫനേജ് കണ്ട്രോള്‍ ബോര്‍ഡിന്റെ സ്ഥാപനങ്ങളും പുരനധിവാസത്തിനായി ഉപയോഗിക്കും. സഹായഉപകരണങ്ങള്‍ നഷ്ടപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് അവ ലഭ്യമാക്കും. സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഫോര്‍ ഡിസെബിലിറ്റി, നിപ്മര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആവശ്യമായ ഉപകരണങ്ങളും മറ്റു സഹായങ്ങളും നല്‍കും. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് വളണ്ടിയര്‍മാരുടെ സഹായത്തോടെ നടത്തുമെന്നും മന്ത്രി പറഞ്ഞു.
പട്ടജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു, കോളേജ് എജുക്കേഷന്‍ ഡയറക്ടര്‍ കെ സുധീര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ദിനേശ്, എന്‍.എസ്.എസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. ആര്‍.എന്‍ അന്‍വര്‍, ഒ.സി.ബി ചെയര്‍മാന്‍ അലി അബ്ദുള്ള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു.
Leave a Reply