അവകാശികളെ തേടി രേഖകള്‍
കൽപ്പറ്റ : ഡ്രൈവിങ്ങ് ലൈസന്‍സുകള്‍, ആധാര്‍ കാര്‍ഡുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, ബാങ്ക് പാസ്ബുക്ക് തുടങ്ങി എണ്ണമറ്റ രേഖകളാണ് അവകാശികളെ കാത്ത് ദുരന്ത ഭൂമിയിലുള്ളത്. മണ്ണിലും ചെളിയിലും പുതഞ്ഞ നിലയിലും വെള്ളത്തില്‍ കുതിര്‍ന്ന നിലയിലുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിനിടെ പലയിടത്തു നിന്നും കണ്ടെടുത്തതാണിത്. ചൂരല്‍മല കണ്‍ട്രോള്‍ റൂമിലെ പോലീസ് പവലിയനാണ് ഇത്തരം സര്‍ട്ടിഫിക്കറ്റുകളും രേഖകളുമെല്ലാം സൂക്ഷിച്ചിരിക്കുന്നത്. ആദ്യ നാലു ദിവസങ്ങളില്‍ റവന്യു വിഭാഗം കണ്‍ട്രോള്‍ റൂമിലായിരുന്നു ഈ രേഖകളുടെ ശേഖരണം.
ദുരന്ത മേഖലയില്‍ നിന്നും കണ്ടെത്തുന്ന രേഖകളും മറ്റ് വസ്തുക്കളും കണ്‍ട്രോള്‍ റൂമിലെ കൗണ്ടറില്‍ ഏല്‍പ്പിക്കാന്‍ വിവിധ സേനാ വിഭാഗങ്ങള്‍, സന്നദ്ധ രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെല്ലാം നിര്‍ദ്ദേശം നല്‍കിയിരുന്നു. നൂറിലധികം വിവിധ രേഖകളാണ് ഈയിനത്തില്‍ ഇവിടെ ലഭിച്ചത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരുടെ രേഖകള്‍ ഈ ശേഖരത്തിലുണ്ട്. ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്ന വീടുകളില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള പരിശോധനക്കിടയിലും നിരവധി രേഖകള്‍ കാണ്ടെടുത്തു. കാണാതായവരുടെ തിരിച്ചറിയല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് ഈ രേഖകള്‍ സഹായകരമാകും.
പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച രേഖകള്‍ മേപ്പാടി പോലീസ് സ്റ്റേഷനില്‍ നിശ്ചിത കാലം സൂക്ഷിക്കും. പിന്നീട് തുടര്‍ നടപടികള്‍ സ്വീകരിക്കും. ദുരന്തത്തെ അതിജീവിച്ചവരുടെ രേഖകള്‍ വേര്‍തിരിച്ച് ഉടമസ്ഥര്‍ക്ക് കൈമാറും. ദുരന്ത സ്ഥലത്ത് വീണ്ടെടുക്കാന്‍ കഴിയാത്ത വിധം നഷ്ടപ്പെട്ട രേഖകള്‍ക്ക് പകരം രേഖകള്‍ നല്‍കാന്‍ വിവിധ വകുപ്പുകള്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Leave a Reply