സംസ്ഥാന സ്കൂള്‍ ചാമ്പ്യന്‍ഷിപ്പ്: പെണ്‍കുട്ടികളുടെ വയനാട് ജില്ലാ ടീം പരിശീലനം പൂര്‍ത്തിയാക്കി
കല്പറ്റ : തിരുവനന്തപുരം ജി വി രാജ സ്കൂളില്‍ 27 മുതല്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വയനാട് ജില്ലാ ടീം പരിശീലനം പൂര്‍ത്തിയാക്കി യാത്ര തിരിച്ചു. ഇരു വിഭാഗങ്ങളിലായി 28 അംഗ ടീമാണ് സംസ്ഥാന തല മല്‍സരത്തിന് പുറപ്പെടുന്നത്. ജൂനിയര്‍ ടീമിനെ പനങ്കണ്ടി ഫുട്ബോള്‍ അക്കാദമിയിലെ ദിയ ശിവദാസനും സബ്ജൂനിയര് ടീമിനെ മീനങ്ങാടി സ്കൂളിലെ ശിവാനി ഗിരീഷുമാണ് നയിക്കുന്നത്. സബ് ജൂനിയര്‍ ടീമില്‍ ദേശീയ താരമായ അര്‍പ്പിത സാറാ ബിജു മത്സരിക്കുന്നത് ജില്ലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
പനങ്കണ്ടി ഗവ.ഹൈസ്കൂളില്‍ നിന്ന് ജൂനിയര്‍ കാറ്റഗറിയില്‍ 9 പേരും സബ് ജൂനിയര്‍ കാറ്റഗറിയില്‍ 5 പേരും മീനങ്ങാടി ഗവ.ഹൈസ്കൂളില്‍ നിന്ന് സബ്ജൂനിയര് കാറ്റഗറിയില്‍ 6 പേരും ജൂനിയര്‍ കാറ്റഗറിയില്‍ 5 പേരും ജില്ലാ ടീമില്‍ ഇടംനേടി. പരിമിതമായ സൗകര്യങ്ങളുള്ള പനങ്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മൈതാനത്താണ് ആദ്യഘട്ട പരിശീലനങ്ങള്‍ നല്‍കിയത്. പിന്നീട് സ്പോട്സ് കൗണ്‍സില്‍ സഹകരണത്തോടെ കല്പറ്റ മുണ്ടേരി, മീനങ്ങാടി സ്റ്റേഡിയങ്ങളും പരിശീലനത്തിനായി ലഭിച്ചു.
തുടര്‍ച്ചയായ 20 ദിവസത്തെ ഫുട്ബോള്‍ ക്യാമ്പ് പനങ്കണ്ടി സ്കൂളിലെ കായികാധ്യാപകനായ മുഹമ്മദ് അര്‍ഷഖിന്റെ നേതൃത്വത്തിലാണ് നടന്നത്. വയനാട് ജില്ലാ ടീമില്‍ ബത്തേരി ഉപ ജില്ലയിലെ രണ്ടു വിദ്യാലയങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളിക്കാരെ പരിശീലിപ്പിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നത് ഏറെ അഭിനന്ദനാര്‍ഹമാണ്. നാട്ടുകാരും രക്ഷിതാക്കളും പി ടി എയുടെ നേതൃത്വത്തിൽ സംസ്ഥാന ഫുട്ബോള്‍ മല്‍സരത്തിന് പുറപ്പെടുന്ന ടീമിന് യാത്രയയപ്പ് നല്കി.





Leave a Reply