കേരളത്തിനെതിരായ കേന്ദ്രനിലപാടിൽ കോൺഗ്രസിന് പ്രതികരണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൽപ്പറ്റ:കേരളത്തിനെതിരായ കേന്ദ്രനിലപാടിൽ കോൺഗ്രസിന് പ്രതികരണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേത്. വിഷയത്തിൽ ബിജെപിക്കനുകൂലമായ സമീപനമാണ് കോൺഗ്രസിന്റേത്. കൽപ്പറ്റയിൽ വയനാട് ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പു റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രസർക്കാർ സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്നതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. മന്ത്രിസഭയും പാർലമെന്റ്, നിയമസഭാംഗങ്ങളും എൽഡിഎഫ് നേതാക്കളും ഡെൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പല സംസ്ഥാനങ്ങളും അതിനൊപ്പം ചേരാൻ തയ്യാറായി. എന്നാൽ ആ വേദിയിലേക്ക് കോൺഗ്രസ് വന്നില്ല. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങളെ തുറന്നുകാണിക്കുന്നതിൽ ഇവർ പങ്കുചേർന്നില്ല. പരോക്ഷമായി ബിജെപിയെ പിന്തുണയ്‌ക്കുന്ന നിലപാടല്ലേ ഇത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു സമയം കേരളത്തിനുനേരെ തുടരെ തുടരെ കേന്ദ്ര അവഗണനയും മറ്റു നടപടികളുമുണ്ടായി. എന്നാൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി നേരിയ വാക്കെങ്കിലും കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായില്ല. കോൺഗ്രസ് കൊണ്ടുവന്ന ഉദാരവൽകരണ നയം ഇപ്പോൾ ശക്തമായി നടപ്പാക്കുന്നത് ബിജെപിയാണ്. അതിനാൽ ആ നയം തെറ്റായെന്ന് കോൺഗ്രസിന് പറയാൻ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave a Reply