December 11, 2024

ആറു പതിറ്റാണ്ടിനു ശേഷം ജോൺ കെയ് വീണ്ടും വയനാട്ടിലേക്ക് 

0
Img 20241109 175447

മാനന്തവാടി: ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെക്കുറിച്ചും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വളർച്ചയെക്കുറിച്ചും മലബാറിന്റെ ചരിത്രത്തെക്കുറിച്ചും പഠനം നടത്തിയ ചരിത്രകാരനും പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജോൺ കെയ് ആറു പതിറ്റാണ്ടിനു ശേഷം വീണ്ടും വയനാട്ടിലേക്ക് എത്തുന്നു. ഡിസംബർ 26 മുതൽ ദ്വാരകയിൽ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കാനാണ് സ്കോട്ട്ലൻഡ് സ്വദേശിയായ ജോൺ കെയ് എത്തുന്നത്.

തൻ്റെ ഇരുപതാം വയസിലാണ്84കാരനായ ജോൺ കെയ് മുമ്പ് വയനാട്ടിൽ വന്നത്. സ്കോട്ട്ലൻഡുകാരനായ മുൻ മലബാർ കളക്ടർ വില്യം ലോഗൻ എഴുതിയ മലബാർ മാന്വലിനെക്കുറിച്ചും കേരളത്തിന്റെ സുഗന്ധ ദ്രവ്യ വ്യാപാരത്തെക്കുറിച്ചും വിശദമായ പഠനം നടത്തിയ വ്യക്തിയാണ് ജോൺ കെയ്.

കുരുമുളക് കച്ചവടത്തിനായി കേരളവുമായി ബന്ധപ്പെട്ടിരുന്ന റോമാക്കാർ ഒരു വർഷം 120 കപ്പൽ കുരുമുളക് കേരളത്തിലെ തുറമുഖങ്ങൾ വഴി കൊണ്ടുപോയിരുന്നു എന്ന് ജോൺ കെയ് ദ സ്പൈസ് റൂട്ട് എന്ന ഗ്രന്ഥത്തിൽ പറയുന്നു.

“ഇന്ത്യ – എ ഹിസ്റ്ററി”, “ഓണറബിൾ കമ്പനി” എന്നിവയാണ് പ്രശസ്തമായ കൃതികൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വളർച്ചയെയും മനസിലാക്കാൻ അക്കാദമികതലത്തിൽ ഏറെ ഉപകരിക്കുന്ന പ്രധാന കൃതികളായി ഇവ പരിഗണിക്കപ്പെട്ടുവരുന്നു.

നിരൂപകരും ചരിത്രകാരൻമാരും ഒരു പോലെ പ്രകീർത്തിച്ച മറ്റൊരു പുസ്തകം “ദി ഗ്രേറ്റ് ആർക്: ദി ഡ്രമാറ്റിക് റ്റേൽ ഓഫ് ഹൗ ഇന്ത്യ വാസ് മാപ്പ്ഡ് ആന്റ് എവറസ്റ്റ് വാസ് നേമ്ഡ്” പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയെ ഭൂപടത്തിൽ കൃത്യമായി രേഖപ്പെടുത്തുകയും എവറസ്റ്റ് കൊടുമുടിക്ക് പേര് നൽകുകയും ചെയ്ത ചരിത്രപരമായ സർവേയെക്കുറിച്ചുള്ള വിവരണമാണ്.

ദക്ഷിണേഷ്യയുടെ പുറത്തേക്കും തന്റെ ഗവേഷണം വ്യാപിപ്പിച്ച ജോൺ കേയ് “ദി എക്സ്പ്ലോറേഴ്സ് ഓഫ് ദി വെസ്റ്റേൺ ഹിമാലയാസ്,” “ചൈന: എ ഹിസ്റ്ററി” എന്നിവയടക്കമുള്ള പുസ്തകങ്ങൾ പുറത്തിറക്കി.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം “ഹിമാലയ: എക്സ്പ്ലോറിങ്ങ് ദി റൂഫ് ഓഫ് ദി വേൾഡ്” (2022) ഹിമാലയ മേഖലയുടെ സമ്പന്നമായ ചരിത്രവും ഭൂപ്രകൃതിയും സംസ്കാരവും ആസ്പദമാക്കിയുള്ള കൃതിയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *