യൂക്കാലികവല – ഞാറ്റാടി – കല്ലൂർക്കുന്ന് റോഡ് തകർന്ന് തരിപ്പണം
മൂന്നാനക്കുഴി: ∙മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന യൂക്കാലികവല – ഞാറ്റാടി – കല്ലൂർക്കുന്ന് റോഡിൽ വർഷങ്ങളായി ദുരിതയാത്ര നടത്തുകയാണു നാട്ടുകാർ. മീനങ്ങാടി പഞ്ചായത്തിന് കീഴിലുള്ള 1.8 കിലോമീറ്റർ ദൂരമുള്ള റോഡ് പൂർണമായും തകർന്ന് വലിയ ഗർത്തങ്ങൾ നിറഞ്ഞ അവസ്ഥയാണ്. വാകേരി കല്ലൂർക്കുന്ന് മൂടക്കെല്ലി പ്രദേശങ്ങളിലെ ആളുകൾക്ക് കേണിച്ചിറ, മീനങ്ങാടി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള ഏകവഴിയാണിത്.
റോഡിൽ നിലവിൽ പലയിടത്തും ടാറിങ് കാണാൻ പോലുമില്ല. മെറ്റലിളകി കടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും റോഡിലെ വലിയ ഗർത്തങ്ങളിൽ ചെറിയ വാഹനങ്ങളുടെ അടിഭാഗം തട്ടി വാഹനം തകരുന്നതും, കുടുങ്ങിക്കിടക്കുന്നതും പതിവാണ്. ഇതേ തുടർന്ന് നാട്ടുകാർ പലതവണ ശ്രമദാനമായി കുഴികൾ നികത്തിയെങ്കിലും മഴ കഴിഞ്ഞതോടെ കുഴികളുടെ ആഴവും എണ്ണവും കൂടി. റോഡ് നന്നാക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വർഷം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ നൽകിയെങ്കിലും കരാറുകാരന്റെ അനാസ്ഥ മൂലം ഇതുവരെ പണി തുടങ്ങിയില്ലെന്നു നാട്ടുകാർ പറയുന്നു. ഇതെത്തുടർന്ന് വാകേരി സെന്റ് ആന്റണീസ് ഇടവക കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി പരാതി നൽകിയതിനെ തുടർന്ന് കഴിഞ്ഞമാസം പണി പൂർത്തിയാക്കും എന്ന് ഉറപ്പു നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
Leave a Reply