ബി ജെ പിയുടേത് ഭിന്നിപ്പിക്കലിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
നായ്ക്കട്ടി: ബി ജെ പിയുടേത് ഭിന്നിപ്പിക്കലിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണെന്ന് വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധി. സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ നായ്ക്കട്ടിയില്‍ നടന്ന കോര്‍ണര്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ബി ജെ പിയുടെ എല്ലാ നയങ്ങളും കുറച്ചു സമ്പന്നരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണെന്നും പ്രിയങ്ക പറഞ്ഞു. ആദിവാസികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ഇന്ദിരാഗാന്ധി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. യു പി എ സര്‍ക്കാര്‍ വനാവകാശ സംരക്ഷണ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും തൊഴിലുറപ്പ് നിയമവും കൊണ്ടുവന്നു. ഈ അവകാശങ്ങളാണ് ബി ജെ പി ഇന്ന് അട്ടിമറിച്ചു കൊണ്ടിരിക്കുന്നത്. ആദിവാസികളുടെ ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് പതിച്ചു നല്‍കുന്നു. വനാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്ത് കൊണ്ടിരിക്കുന്നു. തന്റെ മുത്തശി ഇന്ദിരാഗാന്ധിക്ക് ഇന്ത്യയിലെ ആദിവാസി സമൂഹവുമായി വലിയ ബന്ധമുണ്ടായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. വയനാടിന്റെ കാലങ്ങളായുള്ള ആവശ്യമാണ് മെഡിക്കല്‍ കോളജ് സ്ഥാപിക്കുകയെന്നുള്ളത്. അതിനുവേണ്ടി തന്റെ സഹോദരന്‍ ഒരുപാട് ശ്രമം നടത്തി. അതിനുവേണ്ടി താന്‍ പോരാട്ടം തുടരുമെന്ന് പ്രിയങ്ക പറഞ്ഞു. രാത്രിയാത്ര നിരോധനവും വന്യജീവി ആക്രമണവും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നമാണ്. ഉന്നത വിദ്യാഭ്യാസം ലഭിക്കാന്‍ വേണ്ടി ജനങ്ങള്‍ പ്രയാസം നേരിടുന്നു. കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നു. അവരുടെ ഫീസ് അടയ്ക്കാന്‍ വേണ്ടി വായ്പ എടുക്കുന്നു. എന്നിട്ടും നമ്മുടെ കുട്ടികള്‍ക്ക് ഇവിടെ കിട്ടുന്ന അവസരങ്ങള്‍ വളരെ കുറവാണ്. ബി ജെ പിയുടെ രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നവരാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എം പി, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, എം എല്‍ എമാരായ ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്ണന്‍, മുന്‍ എം.എല്‍.എ സി. മമ്മൂട്ടി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി പി. മുഹമ്മദ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ മാടാക്കര അബ്ദുല്ല, കണ്‍വീനര്‍ ഡി.പി രാജശേഖരന്‍, എം.എ അസൈനാര്‍, ടി. അവറാന്‍, ബെന്നി കൈനിക്കല്‍, രാമചന്ദ്രന്‍, ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീശ്, എന്‍. ഉസ്മാന്‍ പങ്കെടുത്തു.
Leave a Reply