തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് വയനാട്ടില്‍ കോടികളുടെ കള്ളപ്പണം ഒഴുക്കുന്നു: പി.കെ. കൃഷ്ണദാസ്*
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി കോണ്‍ഗ്രസ് വയനാട്ടില്‍ കോടികളുടെ കള്ളപ്പണം ഒഴുക്കുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. കല്‍പ്പറ്റയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണ്ണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് കള്ളപ്പണവും മദ്യവും വയനാട്ടിലേക്ക് എത്തിക്കുന്നത്. രാത്രിയാത്രാ നിരോധനമുള്ള മുത്തങ്ങ വഴി രാത്രി കര്‍ണ്ണാടക പോലീസിന്റെയും ഫോറസ്റ്റിന്റെയും അകമ്പടിയോടെ നിരവധി വാഹനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോന്നിട്ടുണ്ടെന്ന് തദ്ദേശീയരായ ദൃക്‌സാക്ഷികള്‍ പറയുന്നു. 2019ലും 24ലും രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് യുഡിഎഫിന് വയനാടന്‍ ജനതയെ പറഞ്ഞു കബളിപ്പിക്കാന്‍ കഴിഞ്ഞിരുന്നു അതിനാലാണ് രാഹുല്‍ ജയിച്ചത് എന്നാല്‍ ഇത്തവണ അത്തരത്തിലുള്ള പ്രചരണങ്ങള്‍ വിലപ്പോകില്ല എന്ന് കണ്ടപ്പോളാണ് പ്രിയങ്കക്കായി കള്ളപ്പണമിറക്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. ഇതിനായുള്ള കള്ളപ്പണവുമായി വരുന്ന വാഹനങ്ങള്‍ക്ക് നേരെ കേരളപോലീസ് കണ്ണടക്കുകയാണ്. പ്രചരണത്തിനെത്തിയ കര്‍ണ്ണാടക എംഎല്‍എമാരുടെ വാഹനത്തിലും കോടികള്‍ എത്തിച്ചതായും സംശയിക്കുന്നുണ്ട്. ഇത്തരത്തില്‍ ഏത് വിധേനെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ഇടത് പക്ഷവും കച്ചക്കെട്ടി ഇറങ്ങിയിരിക്കുകയാണ്. കള്ളപ്പണം എത്തുന്നതിനെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും പരിശോധന നടത്താനോ പണം പിടികൂടാനോ പോലീസ് തയാറാകാത്തത് ഇതിന് തെളിവാണ്. ഇവിടെ സിപിഎം തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിക്കഴിഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പിനായി എത്തിച്ച കള്ളപ്പണം ഹോട്ടലില്‍ വീതം വെക്കുന്നുണ്ട് എന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചിട്ടും പോലീസ് മനപ്പൂര്‍വ്വം വൈകിക്കുകയാണ് ചെയ്തത്. മാത്രമല്ല 41 മുറികളുള്ള ഹോട്ടലില്‍ പരിശോധനക്കായി എത്തിയത് ആകെ ആറ് പോലീസ് ഉദ്യോഗസ്ഥരാണ്. വനിതകള്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും വനിതാ പോലീസിനെ അയക്കാതിരുന്നതും ഇത് കാരണമാണ്. അതിനര്‍ത്ഥം കോണ്‍ഗ്രസ് എത്തിച്ച കള്ളപ്പണം വിതരണം ചെയ്യാന്‍ പോലീസ് അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. ഇത് ഇടത്പക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ്. ചേലക്കരയില്‍ സിപിഎമ്മിനെയും, വയനാടും, പാലക്കാടും കോണ്‍ഗ്രസിനെയും വിജയിപ്പിക്കാനാണ് ഇണ്ടി മുന്നണിയുടെ ധാരണ. എന്നാല്‍ പാലക്കാട് ഇടത്പക്ഷം വോട്ട് മറച്ചു കൊടുത്താലും കോണ്‍ഗ്രസ് ജയിക്കില്ല എന്ന ഘട്ടം വന്നതോടെയാണ് അവിടെയും കള്ളപ്പണം ഇറക്കിയത്. എന്നാല്‍ എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎ ബഹുഭൂരിപക്ഷത്തോടെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മാനന്തവാടി തിണ്ടുമല്ലിലെ ഭൂമിക്കും വഖഫ് അവകാശ വാദം ഉന്നയിച്ചതോടെ വഖഫ് നിയമത്തിന്റെ കരങ്ങള്‍ നാടെങ്ങും നീളുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ബത്തേരി ഗണപതിവട്ടം ക്ഷേത്രത്തിനും പള്ളിക്കുന്ന് പള്ളിക്കും ഇത്തരത്തില്‍ നാളെ വഖഫ് ഭീഷണി നേരിടേണ്ടി വന്നേക്കാം. എന്നാല്‍ വഖഫ് കറുത്ത നിയമത്തിന്റെ പിടിയില്‍പ്പെട്ട് കേരളത്തിലെ ഒരു സാധാരണക്കാരനും വഴിയാധാരമാകാന്‍ ബിജെപി അനുവദിക്കില്ല എന്നും അതിനായി ഏതറ്റം വരെയും പോരാടുമെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. പത്ര സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം സജി ശങ്കര്‍, ഉത്തരമേഖല അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply