പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം നാളെ അറിയാം
കൽപ്പറ്റ: വയനാട് പാർലമെൻ്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച ഐഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചരിത്ര ഭൂരിപക്ഷം നേടുമോ? ഈ ചോദ്യത്തിന് വോട്ട് എണ്ണുന്നത് നാളെ ഉത്തരമാകും. മാനന്തവാടി നിയോജകമണ്ഡലത്തിലെ വോട്ടുകൾ കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ജൂബിലി ഹാളിലും സുൽത്താൻ ബത്തേരിയിലേത് കൽപ്പറ്റ എസ്‌ഡിഎംഎൽപി സ്‌കൂളിലും കൽപ്പറ്റയിലേത് എസ്‌കെഎംജെ സ്‌കൂളിലും തിരുവമ്പാടി എണ്ണക്കൂടം സെൻ്റ് മേരീസ് എൽപി സ്‌കൂളിലും. ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലേത് മൈലാടി അമൽ കോളേജ് സ്‌കിൽ ഡെവലപ്‌മെൻ്റ് ബിൽഡിംഗിൽ എണ്ണയും. തപാൽ വോട്ടുകൾ കൽപ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂളിലെ താത്കാലിക കെട്ടിടത്തിലാണ് എണ്ണുക.
ഉപതെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ 64.72 പോളിംഗ് ആയിരുന്നു. ഇത് 2024 പൊതുതെരഞെടുപ്പിനെ അപേക്ഷിച്ച് 8.76 ശതമാനം കുറവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 73.48 ഉം 2019ൽ 80.33 ഉം തുല്യമായിരുന്നു പോളിംഗ്. ഇക്കുറി മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയോജകമണ്ഡലങ്ങളിലായി 14,71,742 പേർ ഇതിൽ 9,52,543 പേർ വോട്ട് ചെയ്തത്.
ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും പ്രിയങ്ക ഗാന്ധി വന് ഭൂരിപക്ഷത്തിനു ലോക്സഭയിൽ എത്തുമെന്നാണ് യുഡിഎഫ് നേതാക്കളുടെ നിഗമനം. പോൾ ചെയ്യാത്ത വോട്ടുകളിൽ അധികവും എൽഡിഎഫ്, എൻഡിഎ വോട്ടുകളാണെന്നു വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ, പ്രിയങ്ക ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജൻ്റും കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ കെ.എൽ. പൗലോസ് എന്നിവർ പറഞ്ഞു.
പോൾ ചെയ്ത വോട്ടിൻ്റെ 68 ശതമാനം കൈപ്പത്തി അടയാളത്തിൽ പതിഞ്ഞുവെന്നാണ് യുഡിഎഫ് നേതാക്കളുടെ അനുമാനം. 20 ശതമാനം വോട്ട് എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐയിലെ സത്യൻ മൊകേരിക്കും 10 ശതമാനം എൻഡിഎ സ്ഥാനാർത്ഥി ബിജെപിയിലെ നവ്യ ഹരിദാസിനും യുഡിഎഫ് കണക്ക്.രണ്ട് ശതമാനം വോട്ട് മറ്റ് സ്ഥാനാർത്ഥികളും നോട്ടും ചേർന്ന് നേടുമെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു. പ്രിയങ്ക ഗാന്ധി-6,47,360, സത്യൻ മൊകേരി-1,90,400, നവ്യ ഹരിദാസ്-95,200, മറ്റുള്ളവർ-19,040 എന്നിങ്ങനെയാണ് യുഡിഎഫ് കണക്കാക്കുന്ന ഏകദേശ്. പ്രിയങ്ക ഗാന്ധിക്ക് നാലര ലക്ഷം വോട്ടിൽ കുറയാത്ത ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 2019ൽ 4,31,770 ഉം 2024ൽ 3,64,422 ഉം വോട്ടായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ലഭിച്ചതിലും കൂടുതൽ വോട്ട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടുമെന്നാണ് മണ്ഡലത്തിലെ സിപിഎം, സിപിഐ നേതാക്കളുടെ വാദം. പൊതുതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ ദേശീയ നിർവാഹക സമിതിയംഗം ആനി രാജയ്ക്ക് 2,83,023 വോട്ട്(26 ശതമാനം) ലഭിച്ചു. 10,74,623 വോട്ടാണ് പോൾ ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് എൻഡിഎ ടിക്കറ്റിൽ മത്സരിച്ചത്. 1,41,045 വോട്ട് താമര അടയാളത്തിൽ വീണു. ഇത്തവണ ഒരു ലക്ഷത്തിൽ കുറയാത്ത വോട്ടാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്.
Leave a Reply