ജലജീവന്‍ മിഷന്‍ പദ്ധതി; പൈപ്പ് ലൈന്‍ നിര്‍മാണം ഇഴയുന്നത് റോഡുകളുടെ തകര്‍ച്ചക്ക് കാരണമാകുന്നു
മുള്ളന്‍കൊല്ലി: ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ പൈപ്പ് ലൈന്‍
നിര്‍മാണം ഇഴയുന്നത് നാട്ടിലെ റോഡുകളുടെ തകര്‍ച്ചക്ക് കാരണമാകുന്നു. ചെറുതും വലുതുമായ നാട്ടിലെ സകല റോഡുകളുടെയും ഇരുഭാഗത്തും വന്‍ചാലുകളെടുത്ത് പൈപ്പിടുന്ന ജോലികള്‍ ഇനിയും പൂര്‍ത്തിയായില്ല. വാഹനഗതാഗതം തടസ്സപ്പെടുംവിധം റോഡുകള്‍ തകര്‍ന്നടിഞ്ഞു. പാതയോരത്തെ കുഴികളില്‍ വാഹനങ്ങള്‍ വീണ് യാത്രക്കാര്‍ക്കു പരുക്കേല്‍ക്കുന്നതും പതിവാകുന്നു. മഴ പെയ്താല്‍ ചെളിക്കുളമാകുന്ന പാതയില്‍ എതിരെ വരുന്ന വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ താഴുന്നു. വെയില്‍ തെളിഞ്ഞാല്‍ പൊടിശല്യവും രൂക്ഷമാകുന്നു.
മരക്കടവ് പാടിച്ചിറ പുല്‍പള്ളി, പെരിക്കല്ലൂര്‍ പുല്‍പള്ളി, പാടിച്ചിറ സീതാമൗണ്ട് തുടങ്ങിയ പ്രധാനപാതകളെല്ലാം വന്‍ചാലുകളും കുഴികളുമായി. അടുത്തിടെ നിര്‍മിച്ച പാതകളും മാന്തിപ്പൊളിച്ചു. വ്യക്തികള്‍ നന്നാക്കിയിട്ടിരുന്ന ഭാഗവും കുഴിച്ചു. റോഡുകളുടെ തകര്‍ച്ചമൂലം സ്വകാര്യബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനത്തിലാണ് ഉടമകളും ജീവനക്കാരും. പൈപ്പ് ലൈന്‍ നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പ്രധാനപാതകളുടെയും ഗ്രാമീണ റോഡുകളുടെയും നിര്‍മാണം മുടങ്ങിയിട്ടുണ്ട്.
സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ അനുവദിച്ച ഫണ്ട് നഷ്ട്ടപ്പെടുമെന്ന അവസ്ഥയുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. പൈപ്പ് ലൈന്‍ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ജല അതോറിറ്റിക്ക് കത്ത് നല്‍കി. തുടര്‍നടപടികള്‍ വൈകിയാല്‍ ജനകീയ സഹകരണത്തോടെ സമരത്തിനിറങ്ങേണ്ടി വരുമെന്നും പ്രസിഡന്റ് പി.കെ. വിജയന്‍ അറിയിച്ചു.





Leave a Reply