January 15, 2025

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അടിസ്ഥാന വില ലഭ്യമാക്കും-മന്ത്രി പി.പ്രസാദ്

0
Img 20241205 205832

കൽപ്പറ്റ :നല്ല നാളേക്കായി നല്ല ഭക്ഷണം ഉറപ്പുവരുത്താന്‍ കര്‍ഷകര്‍ സംരക്ഷിക്കപ്പെടണം. ഇതിനായി കാര്‍ഷിക ഉത്പന്നങ്ങള്‍ക്കെല്ലാം അടിസ്ഥാന വില ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കൃഷി വകുപ്പിന്റെ പത്ത് ലക്ഷം രൂപയുടെ ധനസഹായത്തോടെ വയനാട് സ്‌പൈസസ് ആന്‍ഡ് അഗ്രോ ഫാര്‍മസ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വയനാട് ജില്ലയിലെ ആദ്യത്തെ ‘കേരളാഗ്രോ’ ബ്രാന്‍ഡ് സ്റ്റോറും കിസാന്‍ മേളയും വൈത്തിരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയില്‍ കര്‍ഷകന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ന്യായമായ വില കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പലപ്പോഴും ലഭിക്കാറില്ല എന്നതാണ്. ഇടനിലക്കാരുടെ ശക്തമായി ഇടപെടലുകള്‍ മൂലം ലാഭകരമായി കൃഷി ചെയ്യാന്‍ പലപ്പോഴും കൃഷിക്കാര്‍ക്ക് സാധിക്കാറില്ല. കാര്‍ഷിക വിഭവങ്ങള്‍ ഏറെക്കാലം സൂക്ഷിച്ചുവയ്ക്കാന്‍ കഴിയാത്തതുകൊണ്ട്, ഈ അവസ്ഥയെ ഇടനിലക്കാര്‍ പലപ്പോഴും ചൂഷണം ചെയ്യുകയാണ്. ഇതിന് പരിഹാരം കാണുന്നതിനായി വിവിധ പദ്ധതികളാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ പോകുന്നത്. ഇതിനായി വാല്യൂ ആഡഡ് അഗ്രികള്‍ച്ചറല്‍ മിഷന്‍ എന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ട്. കാര്‍ഷികോല്പന്നങ്ങളെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ആക്കി വിപണനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ സാമ്പത്തിക സാങ്കേതിക സഹായങ്ങളും നല്‍കി കൃഷിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കേരളഗ്രോ എന്ന ബ്രാന്‍ഡില്‍ ഏതൊരു കര്‍ഷകനും തന്റെ കാര്‍ഷിക ഉല്‍പന്നങ്ങളെ ഗുണമേന്മയുള്ള മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി വിപണനം ചെയ്യുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍തലത്തില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നിട്ടുണ്ടെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.

ടി.സിദ്ദിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ മികച്ച കര്‍ഷകരെ ആദരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആദ്യ വില്‍പ്പന ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. കല്പറ്റ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പി.ജി.എസ് ജൈവ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, വയനാട് സ്പൈസസ് ആന്‍ഡ് ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഡയരക്ടര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

*

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *