കാക്കവയൽ -കാരപ്പുഴ റോഡ് നിർമാണം പുനരാരംഭിച്ചു
അമ്പലവയൽ: കാക്കവയൽ- കാരാപ്പുഴ-അമ്പലവയൽ റോഡ് പണി വേഗം കൂടി. ഒരു വർഷത്തോളമായി പണി മുടങ്ങിയിരുന്ന കാക്കവയൽ- കാരാപ്പുഴ റോഡ് പ്രവൃത്തികൾ കഴിഞ്ഞ ആഴ്ചയാണ് പുനരാരംഭിച്ചത്. 2.40 കോടി ചെലവിൽ മാസങ്ങൾക്ക് മുൻപ് തുടങ്ങിയ റോഡ് നവീകരണ പ്രവൃത്തി ഇടയ്ക്കു നിലച്ചിരുന്നു. റോഡിൽ പല ഭാഗങ്ങളും ടാറിങ് പൂർത്തിയാക്കിയെങ്കിലും ബാക്കിയുള്ള ഭാഗങ്ങൾ പണി പൂർത്തിയാകാതെ കിടക്കുകയായിരുന്നു. പൊടിശല്യവും കുഴികളുമായി യാത്രക്കാരും വാഹനങ്ങളും യാത്രാ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി.
ഏറെ പ്രതിഷേധങ്ങൾക്ക് ഒടുവിലാണു നിർമാണം പുനരാരംഭിച്ചത്. റോഡിന് സമീപത്തെ വീടുകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം പൊടിശല്യത്തിൽ വീർപ്പു മുട്ടുകയാണ്. ഇത്തവണയെങ്കിലും പാതിവഴിയിൽ നിന്നു പോകാതെ നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടുതൽ പൊളിഞ്ഞ സ്‌ഥലം ടാറിങ്ങും ബാക്കിയുള്ള ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളും 90 ലക്ഷം രൂപ ചെലവഴിച്ചാണു നടത്തുന്നത്.
കൂടുതൽ പൊളിയുന്ന ചില ഭാഗങ്ങളിൽ പൂട്ടുകട്ട ഇടും. അടിവാരം, കുറ്റിക്കൈത, കുറ്റിക്കൈത ഇറക്കം, അത്തിച്ചാൽ, മാങ്കുന്ന് തുടങ്ങിയ ഭാഗങ്ങളാണ്
ഏറ്റവും കൂടുതൽ തകർന്നിട്ടുള്ളത്. ഇത്തരത്തിലുള്ള ഭാഗങ്ങളിൽ പൂർണമായും നവീകരിക്കും. ബാക്കിയുള്ള സ്ഥലങ്ങളിൽ കുഴികൾ അടയ്ക്കുന്നതടക്കമുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയാക്കുന്നതിന് പിന്നാലെ ടാറിങ് ആരംഭിക്കും. ഈ റോഡ് നവീകരിച്ചിട്ട് 10 വർഷത്തിലേറെയായി. റോഡ് ജലസേചന വകുപ്പിന് കീഴിലുള്ളതാണ്.
Leave a Reply