സർക്കാർ ഉദ്യോഗസ്ഥക്ക് സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
വയനാട്: വിരമിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ള, ഭർത്താവ് ഉപേക്ഷിച്ചുപോയ മണ്ണു സംരക്ഷണ വകുപ്പിലെ ജീവനക്കാരിക്ക് വയനാട് ജില്ലയിലേക്ക് സ്ഥലം മാറ്റം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ഇക്കാര്യത്തിൽ മാനുഷികവും ധാർമ്മികവുമായ പരിഗണന നൽകി കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം നൽകിയ നടപടി പുന:പരിശോധിക്കണമെന്ന് കമ്മീഷൻ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
വയനാട് വാഴവറ്റ സ്വദേശിനിയും മകനും സമർപ്പിച്ച പരാതികളിലാണ് ഉത്തരവ്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ പരാതിക്കാരിയെ 2023 ഡിസംബറിലാണ് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയത്. പരാതിക്കാരിക്ക് വിവാഹപ്രായമായ മകളും ഒൻപതിൽ പഠിക്കുന്ന മകനുമുണ്ട്.
കബനി പദ്ധതി 2013 ൽ നിർത്തലാക്കിയതിനെ തുടർന്ന് ജീവനക്കാരെ പുനർവിന്യസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരാതിക്കാരിയെ തൊട്ടടുത്ത ജില്ലയിലേക്ക് സ്ഥലം മാറ്റിയതെന്ന് മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. വയനാട് ജില്ലയിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ കുറവ് പരിഹരിക്കുന്നതിനായി മറ്റ് ജില്ലകളിൽ നിന്നും 13 തസ്തികകൾ വയനാട് ജില്ലയിലേക്ക് മാറ്റണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇത് അംഗീകരിക്കുകയാണെങ്കിൽ പരാതിക്കാരി ഉൾപ്പെടെയുള്ളവരെ വയനാട്ടിലേക്ക് മാറ്റാമെന്നും ഡയറക്ടർ അറിയിച്ചു.
പരാതിക്കാരിയുടെ മാതാവ് മനോരോഗ ചികിത്സ നടത്തിവരികയാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
Leave a Reply