January 17, 2025

ദുരിതബാധിതര്‍ക്കൊപ്പം തങ്ങളില്ലന്നും, തങ്ങളുടെ മുന്‍ഗണന മറ്റ് പാലതിനുമാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വീണ്ടും തെളിയിക്കുന്നതായി; ജില്ലാ കോണ്‍ഗ്രസ്

0
Img 20241207 184340

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ പ്രശ്‌നത്തില്‍ ദുരിതബാധിതര്‍ക്കൊപ്പം തങ്ങളിെല്ലന്നും, തങ്ങളുടെ മുന്‍ഗണന മറ്റ് പാലതിനുമാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വീണ്ടും തെളിയിക്കുന്നതായി ജില്ലാ കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുന്നതില്‍ ക്രൂരവിനോദം കണ്ടെത്തുകയാണ്. ഹൈക്കോടതിയില്‍ പോലും സത്യം മറച്ചുവെച്ച് തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. വയനാടിന് വേണ്ടി മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയത് 675 കോടി രൂപയാണ്. ഇതില്‍ ഒരു രൂപ പോലും ഇത് വരെ വയനാടിന് വേണ്ടി ചെലവഴിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ ദുരിതബാധിതരെ പൂര്‍ണമായും അവഗണിക്കുമ്പോഴും 675 കോടി രൂപ ഉപയോഗിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ദുരിതബാധിതര്‍ക്കുള്ള 300 രൂപ ദിവസവേതനവും, വീട്ട് വാടകയും കൊടുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തത് അങ്ങേയറ്റം ക്രൂരമായ നടപടിയാണ്. ദുരിതബാധിതരെ അവഗണിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റ് മാര്‍ച്ച് നടത്തിയത്. കേരളത്തിലെ സമീപകാല ചരിത്രത്തിലെ ദുരന്തങ്ങളില്‍ അതിഭീകരമായ ഒന്നായ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍, മേപ്പാടി ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ ഇല്ലാതാവുകയും നൂറുകണക്കിന് മനുഷ്യരാണ് നിരാലംഭരാവുകയുമുണ്ടായി. മാസം നാല് കഴിഞ്ഞിട്ടും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നോക്കുകുത്തികളായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സഹികെട്ട ജനഹൃദയങ്ങള്‍ അതിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ അവരെ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് നടത്തിയ നരനായാട്ടാണ് വയനാട് കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ അതിനിഷ്ടൂരമായ മര്‍ദ്ദന പരമ്പര. മുണ്ടക്കൈ, ചൂരല്‍മലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന വേദനകളും പ്രയാസങ്ങളും പൊതുസമൂഹം അറിയരുതെന്നുള്ള ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനുള്ള തെളിവാണ് പൊലീസ് അതിക്രമം. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം തനിക്കിഷ്ടപ്പെട്ട പൊലീസുകാരെ ഇറക്കി നെറികെട്ട നാടകം കളിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അതിക്രൂരമായി തല്ലിച്ചതച്ച നിയമപാലകരെ രാഷ്ട്രീയമായും, നിയപരമായും നേരിടും.

ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരെ പ്രതികരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അനാവശ്യമായി മര്‍ദ്ദിച്ചതിനെതിരെ ജില്ലാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് 5 മണിക്ക് കല്‍പ്പറ്റ ടൗണില്‍ പ്രതീകാത്മക ജനകീയ വിചാരണ നടത്തും. 12ന് ജില്ലയിലെ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് എസ്.പി. ഓഫീസ് മാര്‍ച്ച് നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഏകപക്ഷീയമായി അടിച്ചൊതുക്കി കോണ്‍ഗ്രസ് മാര്‍ച്ച് തകര്‍ക്കാന്‍ സര്‍ക്കാറും, പൊലീസും ഗൂഡാലോചന നടത്തി. ഡി.വൈ.എസ്.പി, സി.ഐമാര്‍, ബാറ്റലിയന്‍ റിസര്‍വിലെ ചില പൊലീസുകാര്‍ തുടങ്ങിയവര്‍ ഈ ഗൂഡാലോചനയില്‍ പങ്കാളികളായി. ആക്രമണത്തിന് മേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടില്ലെന്നും, പൊലീസുകാരെ കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ.ടി സിദ്ധീഖ് എം.എല്‍.എ, ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി അപ്പച്ചന്‍, യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അമല്‍ജോയി, പി.പി ആലി, പി.കെ ജയലക്ഷ്മി, അരൂണ്‍ദേവ്, അഡ്വ.എന്‍.കെ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *