അരക്കൊല്ലപ്പരീക്ഷയ്ക്ക് മുണ്ടക്കൈ സ്‌കൂളിന് പ്രത്യേക ചോദ്യപേപ്പർ
ബത്തേരി:നാളെ തുടങ്ങുന്ന അർധവാർഷിക പരീക്ഷയ്ക്ക് ഉരുൾ ദുരന്തത്തിലെ നൊമ്പരപ്പാടായ മുണ്ടക്കൈ ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് മാത്രമായി എസ്സിഇആർടിയുടെ പ്രത്യേക ചോദ്യപേപ്പറുകൾ. സംസ്ഥാനത്തെ മറ്റെല്ലാ സ്കൂളുകളിലും ഒരേ ചോദ്യപേപ്പർ ഉപയോഗിക്കുമ്പോഴാണ് പ്രത്യേക പരിഗണന നൽകുന്നത്. ബത്തേരി ഡയറ്റിന്റെ നേതൃത്വത്തിൽ എസ്ഇആർടി നേരിട്ടാണ് മൂന്ന് ദിവസം കൊണ്ട് ചോദ്യക്കടലാസുകൾ ഒരുക്കിയത്. വിദ്യാർഥികളും അധ്യാപകരും മാനസിക സമ്മർദങ്ങളിൽ നിന്ന് പൂർണമായി മുക്തരായിട്ടില്ലെന്നും പാഠഭാഗങ്ങൾ ഇനിയും തീരേണ്ടതുണ്ടെന്നും കണ്ടതിനാൽ വിദ്യാഭ്യാസ മന്ത്രിയുടെയും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെയും പ്രത്യേക നിർദേശത്തെ തുടർന്നാണ് തീരുമാനം.പഠിപ്പിച്ചു തീർന്ന പാഠഭാഗങ്ങളുടെ അടിസ്ഥാനത്തിൽ 15 അധ്യാപകരുടെയും സംസ്ഥാന തലത്തിലുള്ള ആറ് വിദഗ്‌ധരുടെയും മേൽനോട്ടത്തിലാണ് ചോദ്യക്കടലാസുകൾ ഡയറ്റിൽ തയാറാക്കിയത്. അർധവാർഷിക പരീക്ഷയ്ക്കുള്ള പ്രത്യേക ചോദ്യക്കടലാസുകൾ പരീക്ഷാ കേന്ദ്രത്തിൽ ഇന്ന് എത്തിക്കും. മേപ്പാടി എപിജെ അബ്‌ദുൽ കലാം മെമ്മോറിയൽ ഹാളിലാണ് മുണ്ടക്കൈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. ദുരന്തത്തിൽപെട്ട ചൂരൽമല സ്കൂളിലും വിദഗ്‌ധ സംഘം വിവരങ്ങൾ തേടിയെത്തിയിരുന്നെങ്കിലും പരീക്ഷയ്ക്ക് സജ്‌ജമാണെന്ന് അവർ അറിയിച്ചതിനാൽ നിലവിലുള്ള ചോദ്യക്കടലാസുകൾ തന്നെ നൽകാൻ തീരുമാനിച്ചു.





Leave a Reply