അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ്: മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഡിസംബര്‍ 21 ന് രാവിലെ 11.30 ന് ഉദ്ഘാടനം ചെയ്യും. കന്നുകാലി, മൃഗസംരക്ഷണ മേഖലകളുടെ സമഗ്ര വികസനവും ക്ഷീര കര്‍ഷകരുടെ ഉന്നമനവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡയറി ഫാമിങ്, അക്വഫാമിങ്, പോള്‍ട്രി, അഗ്രിക്കള്‍ച്ചര്‍ മേഖലയിലെ സ്റ്റാളുകള്‍ ഒരുക്കും. പക്ഷി-മൃഗാദികളുടെ പ്രദര്‍ശനം, മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ വിവിധ ഏജന്‍സികളുടെയും സര്‍ക്കാര്‍ ഇതര സ്ഥാപങ്ങളുടെയും പ്രദര്‍ശന സ്റ്റാളുകള്‍ സജ്ജമാക്കും. കന്നുകാലി, ക്ഷീര കാര്‍ഷിക മേഖലയിലെ സാധ്യതകള്‍, വെല്ലുവിളികള്‍, വന്യജീവി ആക്രമണം തടയാന്നുള്ള സാധ്യതകള്‍, ക്ഷീര കാര്‍ഷിക മേഖലയിലെ സംരംഭകത്വ ശാക്തീകരണം, സമുദ്ര മത്സ്യബന്ധന മേഖല തുടങ്ങി വിവിധ വിഷയങ്ങള്‍ വിദഗ്ധര്‍ സെമിനാറുകള്‍ നയിക്കും. കര്‍ഷകര്‍ക്ക് കന്നുകാലി സംബന്ധമായ രോഗങ്ങള്‍, ചികിത്സ, മറ്റ് സംശയങ്ങള്‍ക്കായി തത്സമയ കണ്‍സല്‍ട്ടന്‍സി സൗകര്യവും ഒരുക്കുന്നുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രവേശനം. ഡിസംബര്‍ 29 ന് അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് സമാപിക്കും. ടി. സിദ്ധിഖ് എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ എം.എല്‍.എമാരായ കെ.എം സച്ചിന്‍ദേവ്, ഇ.കെ വിജയന്‍, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല ഡയറക്ടര്‍ ടി.എസ് രാജീവ്, വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് അനില്‍, ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ടി പ്രദീപ് കുമാര്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
Leave a Reply