ആദിവാസി മധ്യവയസ്‌കനെ റോഡില്‍ വലിച്ചിഴച്ച സംഭവം: കുറ്റകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം
കല്‍പ്പറ്റ: ചെമ്മാട് ആദിവാസി ഊരിലെ മാതനെ കാറിന്റെ ഡോറില്‍ കുരുക്കി റോഡില്‍ വലിച്ചിഴച്ചു കൊണ്ടുപോയ കേസില്‍ ചാര്‍ജ്ജ് ചെയ്ത വകുപ്പുകള്‍ ദുര്‍ബലമാണെന്നും, കുറ്റകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ആദിവാസി ഗോത്രമഹാസഭാ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്ന കേസുകള്‍ ദുര്‍ബലമാണെന്നാണ് എഫ്.ഐ.ആര്‍. പരിശോധിച്ച നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എസ്.സി, എസ്.ടി അതിക്രമം തടയല്‍ നിയമത്തിന്റെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, കുറ്റകൃത്യത്തിന്റെ കാഠിന്യമനുസരിച്ചുള്ള കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ടിട്ടില്ല. കൊടുംക്രൂരത കാട്ടിയ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ തുറന്നു നല്‍കുന്ന വിധമാണ് എഫ്.ഐ.ആര്‍. തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയുടെ വകുപ്പുകളിലെ 296(ബി), 351 (2), 126 (2), 115(2), 110,3(5) തുടങ്ങിയവ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. ഇതില്‍ പ്രധാന കുറ്റമായി ചേര്‍ത്തിരിക്കുന്നത് 110ാം വകുപ്പാണ്. ബോധപൂര്‍വ്വമല്ലാത്ത നരഹത്യ ചെയ്യാന്‍ മുതിര്‍ന്നു എന്നതിന് 3 വര്‍ഷം ശിക്ഷ കിട്ടാവുന്ന ഒരു വകുപ്പാണിത്. മറ്റ് വകുപ്പുകളെല്ലാം നിസ്സാരമാണ്. ഭാരതീയ ന്യായ സംഹിതയുടെ 109ാം വകുപ്പായിരുന്നു യഥാര്‍ത്ഥത്തില്‍ ചാര്‍ത്തേണ്ടിയിരുന്നത്. പ്രതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ മാത്രം ചുമത്തിയാല്‍, പിടിക്കപ്പെട്ടവര്‍ ഏറെ താമസിയാതെ ജാമ്യത്തിലിറങ്ങാനും കേസ് ദുര്‍ബലപ്പെടുന്നതിലേക്കും നയിക്കും. ഈ അന്വേഷണ രീതി സമൂഹത്തിന്റെ നീതി ബോധത്തോടുള്ള വെല്ലുവിളിയാണ്. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തുകയും, യുദ്ധകാലാടിസ്ഥാനത്തില്‍ കുറ്റപത്രം നല്‍കി വിചാരണ പൂര്‍ത്തിയാക്കുകയും വേണം. കുറ്റകൃത്യം നടത്താനുപയോഗിച്ച വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും, കുറ്റവാളികളുടെ ലൈസന്‍സ് റദ്ദാക്കുകയും വേണം. നീതി ഉറപ്പാക്കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം. കൂടാതെ ആദിവാസികളും മറ്റ് ജനവിഭാഗങ്ങളും തിങ്ങിപ്പാര്‍ക്കുന്ന ചാലിഗദ്ദ ചെമ്മാട് മേഖലയിലെ വിനോദ സഞ്ചാരത്തിന് നിയന്ത്രണവും മറ്റു സംവിധാനങ്ങള്‍ ഒരുക്കുകയും, തികച്ചും പാരിസ്ഥിതിക വിരുദ്ധമായ തടയണ പൊളിച്ചുമാറ്റാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എടവക പഞ്ചായത്തിലെ ആദിവാസി വയോധികയുടെ മൃതശരീരം കൊണ്ടുപോകാന്‍ ആംബുലന്‍സ് ഉറപ്പാക്കിയില്ലെന്ന പേരില്‍ പ്രമോര്‍ട്ടറെ പിരിച്ചു വിട്ട നടപടി നീതി നിഷേധമാണ്. മുഴുവന്‍ കുറ്റവും പ്രമോര്‍ട്ടറുടെ തലയില്‍ കെട്ടിവെച്ചത് അതിപിന്നോക്കം നില്‍ക്കുന്ന ആദിവാസി വിഭാഗങ്ങളെ ഇപ്പോഴും മനുഷ്യരായി കാണാത്തതിന്റെ മറ്റൊരു ഉദാഹരണമാണ്. ഭരണപരമായ എല്ലാ ഉത്തരവാദിത്തവും പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ്. നടപടി ഉദ്യോഗസ്ഥര്‍ക്കെതിരെയാകണം. പ്രമോര്‍ട്ടറെ ഉടനടി തിരിച്ചെടുക്കണം. മൃതദേഹത്തോടും ആദിവാസി സമൂഹത്തോടും അനാദരവും വിവേചനവും കാട്ടുന്നതിന് കൂട്ടുനിന്നവരെ കണ്ടെത്തി നടപടി എടുക്കാനും സര്‍ക്കാര്‍ തയ്യാറാകണം. പ്രാദേശിക ഭരണസംവിധാനത്തിന്റെയും അധികൃതരുടെയും അറിവോടെയാണ് മൃതദേഹം ഓട്ടോറിക്ഷയില്‍ കയറ്റിയ കുറ്റം ചെയ്തത്. ശക്തമായ നടപടി ഇല്ലെങ്കില്‍ സംസ്ഥാന തലത്തില്‍ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ രമേശന്‍ കൊയിലിപ്പുര, ഗോപാലന്‍ മരിയനാട് എന്നിവരും പങ്കെടുത്തു.





Leave a Reply