വയനാട് പുനരധിവാസം; ലക്ഷ്യം പൂർത്തിയാക്കി സർവ്വേ സംഘം
കൽപ്പറ്റ: വയനാട് പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ജോലി രാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്‌താണ് വയനാട്ടിലെ സർവേ വിഭാഗം പൂർത്തിയാക്കിയത്.
അത്യന്താധുനിക സർവേ ഉപകരണമായ ആർ ടി കെ ഉപയോഗിച്ചാണ് 48 മണിക്കൂറിനുള്ളിൽ ഏകദേശം 160 ഏക്കറിനുള്ളിലെ ടൗൺഷിപ്പിന് ഉപയോഗിക്കാൻ പറ്റുന്ന 100 ഏക്കറോളം വേർതിരിച്ചെടുത്തത്. പാറക്കെട്ട്, വനഭൂമി, വനഭൂമിയുടെ ബഫർ സോൺ, ഹൈ ടെൻഷൻ വൈദ്യുതി ലൈനിൻ്റെ ബഫർ സോൺ, കുത്തനെ ചരിവുള്ള സ്ഥലങ്ങൾ, നിലവിലുള്ള റോഡുകൾ, ചതുപ്പ് സ്ഥലങ്ങൾ, പൊതുജനങ്ങൾ കൈവശം വെക്കുന്ന സ്ഥലം എന്നിവ പ്രത്യേകം വേർതിരിച്ച് മാറ്റിയാണ് ഉപയുക്തമായ സ്ഥലം കണ്ടെത്തിയത്. റവന്യൂ, ഫോറസ്റ്റ് സംഘത്തിന് മരങ്ങളുടെയും മറ്റും കണക്കെടുപ്പിന് മുൻപായി സ്ഥലങ്ങൾ വേർതിരിച്ച് മാറ്റാൻ രണ്ട് ദിവസമാണ് ലഭിച്ചത്. ജില്ലയിലെ വിവിധ ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസുകളിലെ സ്ഥിരം, താൽക്കാലിക ജീവനക്കാരും ചേർന്ന് ആറ് ടീമുകളായാണ് സർവേ നടത്തിയത്. സർവേ ഡെപ്യുട്ടി ഡയറക്‌ടർ ആർ ബാബുവിൻ്റെ മേൽനോട്ടത്തിൽ ജില്ലാ സർവേ സൂപ്രണ്ട് ഷാജി കെ പണിക്കർ, ഹെഡ് സർവേയർമാരായ പ്രബിൻ സി പവിത്രൻ, ഉല്ലാസൻ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ പൂർത്തിയാക്കിയത്.
Leave a Reply