പരിസ്ഥിതി മലിനീകരണം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ
കൽപ്പറ്റ :പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സ്റ്റോപ് മെമ്മേ നല്‍കാന്‍ വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല അദാലത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പുറക്കാടി വില്ലേജിലെ 12 -ാം വാര്‍ഡ് 436 നമ്പര്‍ പ്രണവ് പാലസ് വീട്ടിലെ എം. പീതാംബരന്റെ പരാതിയിലാണ് നിര്‍ദ്ദേശം. പരിസര വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന രീതിയില്‍ വര്‍ക്ക് ഷോപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി സ്ഥാപനത്തിന്റെ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. അപേക്ഷകന്റെ വീടിന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപില്‍ നിന്നും ദുര്‍ഗന്ധം, പുക, ശബ്ദ മലിനീകരണം ഉണ്ടാവുന്നതായും ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെ അറിയിക്കുകയും യാതൊരും നടപടിയും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല. തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പരാതി നല്‍കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ സ്ഥാപനത്തില്‍ പരിശോധന നടത്തി. വര്‍ക്ക് ഷോപ്പിലെ സ്‌പ്രേ പെയിന്റിങ് പ്രവൃത്തികള്‍ പാടില്ലെന്നും ഓയില്‍ കലര്‍ന്ന തുണികള്‍, മറ്റ് വസ്തുക്കള്‍ കത്തിക്കാന്‍ പാടില്ലെന്നും 2016- ലെ നിയമം അനുശാസിച്ച് വസ്തുക്കള്‍ സംസ്‌കരിക്കാനും അറിയിച്ച് കത്ത് നല്‍കി. 30 വര്‍ഷത്തിലേറെയായി പ്രദേശത്ത് താമസിക്കുന്ന പിതാംബരന് അനുകൂലമായ നടപടി ഉറപ്പാക്കാന്‍ വരും ദിവസങ്ങളില്‍ സ്ഥാപനത്തില്‍ പരിശോധന നടത്തി വേണ്ട നിര്‍ദേശം നല്‍കാനും അദാലത്തില്‍ മന്ത്രി നിര്‍ദേശിച്ചു.
Leave a Reply