ഓണാഘോഷം; അതിർത്തികളിൽ സംയുക്ത പരിശോധന കർശനമാക്കും: ജില്ലാതല ജനകീയ കമ്മിറ്റി
കൽപ്പറ്റ: ഓണാഘോഷത്തോടനുബന്ധിച്ച് വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന ചെക്ക്‌പോസ്റ്റുകൾ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത പരിശോധന നടത്താൻ എക്‌സൈസ് ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലഹരി വസ്തുക്കളുടെ കടത്ത്, ഉപയോഗം, വ്യാജ മദ്യനിർമാണം എന്നിവ തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലഹരി ഉത്പന്നങ്ങളുടെ വിൽപന തടയുന്നതിന് ഉന്നതികൾ, സ്‌കൂളുകൾ, കോളജുകൾ കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകൾ തുടരും. ഇതിനായി വാർഡ്തലം മുതലുള്ള ജനജാഗ്രത സമിതികളെ ശക്തിപ്പെടുത്തി ജനപങ്കാളിത്തത്തോടെ ബോധവത്കരണ പരിപാടികളും പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ കർശന നടപടിയെടുക്കുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.
ജില്ലയിൽ 2025 ഓഗസ്റ്റ് 19 മുതൽ 2026 ഓഗസ്റ്റ് 19 വരെ നടത്തിയ പരിശോധനകളിൽ 623 അബ്കാരി കേസുകളും 397 മയക്കുമരുന്ന് കേസുകളും 2566 കോട്പ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 5157 റെയ്ഡുകൾ, വിവിധ വകുപ്പുകളുമായി സഹകരിച്ച് 31 ക്യാമ്പയിൻ റെയ്ഡുകളും നടത്തി. പരിശോധനകളിൽ 109 ലിറ്റർ ചാരായം, 2451 ലിറ്റർ വിദേശമദ്യം, 333 ലിറ്റർ അന്യ സംസ്ഥാന വിദേശമദ്യം, 1792 ലിറ്റർ വാഷ്, 11 ലിറ്റർ ബിയർ, 3.750 ലിറ്റർ വൈൻ, 47 ലിറ്റർ അരിഷ്ടം, 13 കഞ്ചാവ് ചെടി, 19.653 കിലോഗ്രാം കഞ്ചാവ്, 55.170 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 138.583 ഗ്രാം എം.ഡി.എം.എ, 4546.390 ഗ്രാം പുകയില ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. വിവിധ അബ്കാരി, മയക്കുമരുന്ന് കേസുകളിലായി 35 വാഹനങ്ങൾ പിടിച്ചെടുത്തു. രേഖകളില്ലാതെ കടത്തിയ 3,72,61,150 രൂപ പിടിച്ചെടുത്ത് തുടർ നടപടി സ്വീകരിച്ചതായും എക്‌സൈസ് വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അധ്യക്ഷയായി. മാനന്തവാടി-സുൽത്താൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മീനാക്ഷി രാമൻ, പ്രസന്ന ശശീന്ദ്രൻ, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ സതീഷ് കുമാർ, ജില്ലാ വിമുക്തി മാനേജർ സജിത്ത് ചന്ദ്രൻ, ഗവ പ്ലീഡർ എബി ചെറിയാൻ, ജില്ലാതല ഉദ്യോഗസ്ഥർ, ജനകീയ സമിതി അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply