അദാലത്തുകള്‍ മാതൃകാപരം പരാതികള്‍ പരിഹരിക്കും: മന്ത്രി ഒ.ആര്‍.കേളു
മാനന്തവാടി :കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന പരാതികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കരുതലും കൈത്താങ്ങും അദാലത്തിന് കഴിഞ്ഞതായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു. മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ മാനന്തവാടി താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പരാതികള്‍ കൂട്ടത്തോടെ പരിഹരിക്കാനും ഫയലുകള്‍ തീര്‍പ്പാക്കാനുമായാണ് സര്‍ക്കാര്‍ അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. നവകേരള മിഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച് വരികയാണ്. അതോടൊപ്പം തന്നെയാണ് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ കരുതലും കൈത്താങ്ങും എന്ന പേരില്‍ അദാലത്തുകളും നടത്തുന്നത്. പരാതികള്‍ ചെറുതായാലും വലുതായാലും ജനങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ഒട്ടേറെ ജീവല്‍ പ്രശ്നങ്ങളില്‍ പരാതികളുടെ പരിഹാരം മുന്നോട്ട് പോകാനുള്ള കരുത്താണ്. ഓഫീസുകളിലെത്തുന്നവരുടെ പ്രശ്‌നങ്ങള്‍ പ്രാഥമിക തലത്തില്‍ തന്നെ തീര്‍പ്പാക്കാനുള്ള ശ്രമം ഉണ്ടാകണം. സര്‍ക്കാര്‍ ഓഫീസുകള്‍ സേവനത്തിന്റെ മാതൃകയാവണമെന്നും മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു.
മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധിരാധാകൃഷ്ണന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍, എ,ഡി.എം കെ.ദേവകി തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply