വനംവകുപ്പിൽ ഇരുപതുവർഷം രതീഷിനെ തേടിയെത്തിയത് അർഹതയ്ക്കുള്ള അംഗീകാരം 21എംഡി 12- കെ.കെ. രതീഷ് കുമാർ
മാനന്തവാടി: വയനാട്ടിൽ വന്യമൃഗങ്ങളിറങ്ങി എവിടെ പ്രശ്നമുണ്ടായാലും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. രതീഷ് കുമാർ അവിടെയുണ്ടാകും. ഉന്നത ഉദ്യോഗസ്ഥർക്കു രതീഷിന്റെ ജോലിയിൽ പൂർണ വിശ്വാസമാണ്. സൗമ്യമായ പെരുമാറ്റം, സമയം നോക്കാതെയുള്ള ജോലി, ആൾക്കാരോടുള്ള ഇടപെടൽ.. നോർത്ത് വയനാട് വനം ഡിവിഷനിലെ തൃശ്ശിലേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷിന്റെ പ്രത്യേകതയാണിത്. അതിനുള്ള അംഗീകാരമായി മുഖ്യമന്ത്രിയുടെ മെഡലും അദ്ദേഹത്തെ തേടിയെത്തി. കുറുക്കൻമൂല കടുവദൗത്യം, പനല്ലിയിലെ കടുവ പ്രശ്നം, ബേലൂർ മഖ്‌ന ദൗത്യം, മുത്തുമാരിയിൽ ജനവാസകേന്ദ്രങ്ങിലിറങ്ങി ഭീഷണിയായ കാട്ടാനകളെ കാടുകയറ്റൽ തുടങ്ങിയ ദൗത്യങ്ങളിലും രതീഷ് സജീവമായിരുന്നു. മീനങ്ങാടി മൈലമ്പാടി പുളിക്കൽ ഹൗസിൽ കെ.കെ. രതീഷ് കുമാർ 2004ൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായാണ് വനംവകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. 2020ൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. 2020 മുതൽ മൂന്നുവർഷം തലപ്പുഴ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്തു. കഴിഞ്ഞ മൂന്നുവർഷമായി ബേഗൂർ റെയ്ഞ്ചിലെ തൃശ്ശിലേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറാണ്.
രതീഷ് കുമാറിന്റെ ഭാര്യ കെ.വി. ബിന്ദുവിനും വനംവകുപ്പിലാണ് ജോലി. ഒരേ ലിസ്റ്റിൽ നിന്നാണ് രതീഷും ഭാര്യയും സർക്കാർ ജോലിയിൽ പ്രവേശിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറാണ് ബിന്ദു. ഇവരുടെ ഏകമകൻ യദുകൃഷ്ണ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഇന്ത്യൻ മിലിറ്ററിയിൽ ജോലി ചെയ്യുന്ന രമേഷ് കുമാർ, ഇന്ത്യൻ നേവിയിൽ ജോലി ചെയ്യുന്ന ഉമേഷ് കുമാർ എന്നിവർ രതീഷിന്റെ സഹോദരങ്ങളാണ്.
നോർത്ത് വയനാട് ഡി.എഫ്.ഒ. കെ.ജെ. മാർട്ടിൻ ലോവൽ, ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാകേഷ് എന്നിവരിൽനിന്നു വലിയ പിന്തുണ ലഭിച്ചതായി രതീഷ് കുമാർ പറഞ്ഞു. കൂടെ ജോലി ചെയ്യുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽ നിന്നും വാച്ചർമാരിൽ നിന്നും നല്ല സഹകരണം ലഭിക്കാറുണ്ട്. ഇതിനാലാണ് ജോലി നല്ലരീതിയിൽ ചെയ്യാൻ സാധിക്കുന്നതെന്നും പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും രതീഷ് കുമാർ പറഞ്ഞു.
Leave a Reply