കാപ്പിക്കുരു മോഷണം വ്യാപകം
നടവയല്‍: കാപ്പിക്കുരു മോഷണം വ്യാപകമാകുന്നു. പച്ച കാപ്പിക്കുരുവിന് അടക്കം വില ഉയര്‍ന്നതോടെയാണ് മോഷ്ടാക്കള്‍ തോട്ടങ്ങളില്‍ നിന്നു വ്യാപകമായി കാപ്പി മോഷ്ടിക്കുന്നത്. ജില്ലയില്‍ ഇതിനോടകം പല കര്‍ഷകര്‍ക്കും വന്‍ നഷ്ടം ഉണ്ടായതായി ഉടമകള്‍ പറയുന്നു. കഴിഞ്ഞദിവസം നെയ്ക്കുപ്പ വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന കാക്കോടന്‍ ബ്ലോക്കില്‍ ഏങ്ങപ്പള്ളി മാത്യു ജോസഫിന്റെ കൃഷിയിടത്തില്‍ നിന്നു മാത്രം ഇത്തരത്തില്‍ 2 ക്വിന്റലോളം കാപ്പിക്കുരുവാണ് നഷ്ടപ്പെട്ടത്. നൂറുകണക്കിന് കാപ്പിച്ചെടികള്‍ ഒടിച്ചുകളഞ്ഞു കാപ്പിക്കുരു മോഷ്ടിച്ചതോടെ ഉടമ കേണിച്ചിറ പോലീസില്‍ പരാതി നല്‍കി. കുറേ നാളുകളായി നടവയല്‍ പ്രദേശത്ത് കാര്‍ഷികോല്‍പന്നങ്ങള്‍ വ്യാപകമായി മോഷണം പോകുന്നുണ്ട്. പച്ച കാപ്പിക്കുരുവിന് പുറമേ വീട്ടുമുറ്റത്തും ടെറസിലും ഉണക്കാനിടുന്ന കാര്‍ഷികോല്‍പന്നങ്ങളും മോഷണം പോകുന്നു. ഉണക്കാനിട്ട ശേഷം വൈകിട്ട് വാരിയെടുത്ത് ചാക്കിലാക്കി വീടിനു സമീപം സൂക്ഷിച്ചിരുന്ന കാപ്പിക്കുരു ചാക്കോടെ മോഷ്ടാക്കള്‍ കൊണ്ടുപോയ സംഭവവുമുണ്ട്. കാപ്പി മോഷണം നടത്തുന്നവരെയും കര്‍ഷകരില്‍ നിന്നല്ലാതെ കാപ്പി എടുക്കുന്ന കച്ചവടക്കാരെയും പിടികൂടുന്നതിന് വേണ്ട നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Leave a Reply