ബിരുദ പഠന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്: ജില്ലാതല ഉദ്ഘാടനം നാളെ
കൽപ്പറ്റ :സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കള്‍ക്ക് ബിരുദ പഠനത്തിന് അവസരമായി നൂതന പദ്ധതി നടപ്പിലാക്കുകയാണ് ജില്ലാ പഞ്ചായത്ത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഠനാവസരം വീണ്ടെടുത്ത് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കള്‍ക്ക് സാമ്പത്തികമില്ലാത്തതിന്റെ പേരില്‍ പഠനം നിര്‍ത്തരുത് എന്ന ലക്ഷ്യത്തോടെയാണ് നൂതന പദ്ധതിയായി ജില്ലാ പഞ്ചായത്ത് ബിരുദ പഠനം നടപ്പിലാക്കുന്നത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബിരുദ കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന ജനറല്‍ പഠിതാക്കള്‍ക്ക് 50 ശതമാനം ഫീസും പട്ടിക ജാതി വിഭാഗക്കാര്‍ക്ക് 75 ശതമാനം ഫീസും പട്ടിക വര്‍ഗ്ഗ പഠിതാക്കള്‍ക്ക് 100 ശതമാനം ഫീസും ജില്ലാ പഞ്ചായത്ത് യൂണിവേഴ്സിറ്റിക്ക് അടക്കും. ഈ പഠിതാക്കള്‍ക്ക് അവധി ദിവസങ്ങളില്‍ യൂണിവേഴ്സിറ്റി നേരിട്ട് സമ്പര്‍ക്ക പഠന ക്ലാസും നല്‍കുന്നുണ്ട്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 11 ന് ശനിയാഴ്ച്ച രാവിലെ 10.30ന് കല്‍പ്പറ്റ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിക്കും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. ബിന്ദു മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍, സാക്ഷരതാ മിഷന്‍ ഉദ്ദ്യോഗസ്ഥര്‍ പങ്കെടുക്കും. എസ്.എന്‍.ജി ഓപ്പണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസര്‍മാരായ ഡോ. നിസാര്‍.എ.സി, ഡോ.അഹമ്മദ് സിറാജുദ്ദീന്‍ എന്നിവര്‍ കോഴ്സുകളെ കുറിച്ച് വിശദീകരിക്കും.





Leave a Reply