ഗ്രാമവണ്ടി സർവീസ് മുടങ്ങി; നാട്ടുകാർ പ്രതിഷേധത്തിൽ
മാനന്തവാടി : നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ കാൻസർ കെയർ യൂണിറ്റിലേക്കുള്ള ഏക കെ.എസ്.ആർ.ടി.സി. ബസ് മുടങ്ങിയതിൽ പ്രതിഷേധം. വ്യാഴാഴിച്ച രാവിലെയാണ് സി.പി.എം. പ്രവർത്തകരും ബസിനെ ആശ്രയിക്കുന്നവരും കെ.എസ്.ആർ.ടി.സി. ഓഫീസിൽ പ്രതിഷേധവുമായെത്തിയത്.
മാനന്തവാടിയിൽനിന്നു രാവിലെ 7.45-നു പുറപ്പെട്ട് വൈകീട്ട് 6.30-ന് സർവീസ് അവസാനിപ്പിക്കുന്ന രീതിയിലാണ് ഗ്രാമവണ്ടിയുടെ ഓട്ടം.
മാനന്തവാടിയിൽനിന്നു പാണ്ടിക്കടവ് – പള്ളിക്കൽ – ചേമ്പിലോട് – കാരക്കുനി കുന്ദമംഗലം – കാപ്പുഞ്ചാൽ – പുതിയിടംകുന്ന് വഴി ആറു ട്രിപ്പുകളാണ് നടത്തുന്നത്.
ആശുപത്രിയിലെത്തുന്നവർക്കു പുറമേ പ്രദേശവാസികൾക്കും കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസ് വിദ്യാർഥികൾക്കും ബസ് ഏറെ ആശ്വാസമാണ്. ബസ് സർവീസ് നിർത്തിയിട്ട് അഞ്ചു ദിവസമായി. കാരക്കുനി റോഡുപണിയുടെ ഭാഗമായാണ് ബസ് ഓടാതിരുന്നതെന്നാണു പ്രദേശവാസികൾ കരുതിയത്. റോഡുപണി പൂർത്തിയായിട്ടും ബസ് ഓടാതായതോടെയാണ് പ്രതിഷേധവുമായി ജനം എത്തിയത്. വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കാമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചതോടെയാണ് പ്രതിഷേധവുമായെത്തിയവർ മടങ്ങിയത്.
സി.പി.എം. നടത്തിയ പ്രതിഷേധത്തിനു എടവക ലോക്കൽ സെക്രട്ടറി പി. പ്രസന്നൻ, എം.പി. വത്സൻ, സുമിത്ര ബാബു, ബാബുരാജ്, ഫാസിൽ, മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി. ബസ് – ഓടാത്തതുമായി ബന്ധപ്പെട്ട് ബുധനാഴ്ച വൈകീട്ട് പ്രാദേശിക വാട്‌സാപ് ഗ്രൂപ്പുകളിലുണ്ടായ ചർച്ചയെ തുടർന്ന്മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ മുഖം രക്ഷിക്കാൻ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ നാടകം നടത്തുകയായിരുന്നു എന്ന ആരോപണവുമുണ്ട്.





Leave a Reply