ഓണത്തിന് മുൻപ് നെല്ല് സംഭരണവില വിതരണം ചെയ്യണം: പി.കെ. അബ്ദുൽ അസീസ്
കൽപ്പറ്റ: കൃഷിക്കാരിൽ നിന്നും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ഓണത്തിന് മുൻപ് നൽകണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ഫിബ്രവരിയിൽ കൊയ്ത പുഞ്ച കൃഷിയുടെ നെല്ല് സംഭരിച്ച സപ്ലൈക്കോ അഞ്ചു മാസമായിട്ടും പണം നൽകാൻ തയ്യാറായിട്ടില്ലെന്നും, ജില്ലയിലെ നൂറുകണക്കിന് കർഷകർക്കായി 1,76,49,054 രൂപ സർക്കാറിൽ നിന്നും സംഭരണ വിലയായി ലഭിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലിശക്ക് കടമെടുത്തും സ്വർണം പണയം വെച്ചും കൃഷി ചെയ്ത നെല്ലിന്റെ വില ലഭിക്കാനായി കർഷകർ കനറാ ബാങ്കും എസ്.ബി.ഐയും കയറിയിറങ്ങുകയാണെങ്കിലും ബാങ്കുകാരിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതെ നിരാശരായി മടങ്ങുകയാണ്. നെല്ലിന്റെ വില ലഭിക്കാത്തതിനാൽ തുടർ കൃഷി നടത്താൻ കർഷകർ വിഷമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ച കർഷകർക്ക് 2021 മുതലുള്ള നഷ്ടപരിഹാരവും 2024 മുതലുള്ള വിള ഇൻഷുറൻസ് തുകയും ഉൾപ്പെടെ 34.92 കോടി രൂപ മുൻ സർക്കാർ കർഷകർക്ക് കുടിശ്ശിക നൽകാനുണ്ടെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.





Leave a Reply