യുവാവിനെ കത്തി കൊണ്ടാക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവം; പ്രതിക്ക് തടവും പിഴയും
മീനങ്ങാടി: പഴുപ്പത്തൂർ അരിവയൽ തെരക്കാട്ടു വയലിൽ വീട്ടിൽ രാജേഷ് @ഉണ്ണി (43)യെയാണ് കൽപ്പറ്റ അഡിഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി (1) ജഡ്ജ് പി.സൈദലവി ശിക്ഷിച്ചത്. ഐ.പി.സി ആക്ടിലെ 307 പ്രകാരം വധശ്രമത്തിന് 10 വർഷവും, 326 പ്രകാരം മാരകായുധമുപയോഗിച്ച് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിന് 7 വർഷവും കൂടാതെ 50000 രൂപ പിഴയടക്കാനുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരിവയലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മൂടക്കൊല്ലി സ്വദേശിയായ റെജി എന്നയാളെ പൈസ കടം ചോദിച്ചത് കൊടുക്കാത്തതിലും പ്രതിയുടെ മറ്റൊരു കേസിൽ ജാമ്യം നിൽക്കുന്നത് വിസമ്മതിച്ചതിലുമുള്ള വിരോധത്തിൽ തൊട്ടടുത്ത റൂമിലുണ്ടായിരുന്ന രാജേഷ് @ഉണ്ണി കത്തി കൊണ്ട് കഴുത്തിലും ചെവിയുടെ പിറകു ഭാഗത്തും വെട്ടി ഗുരുതര പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് റെജിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കേസിലെ വിചാരണയ്ക്കിടെ 2025 ൽ റെജി ആത്മഹത്യ ചെയ്തിരുന്നു.
അന്നത്തെ മീനങ്ങാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന സി.രാംകുമാറാണ് കേസിൽ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.





Leave a Reply