യുവതിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയാളും ഒത്താശ ചെയ്തവരും റിമാൻഡിൽ
മാനന്തവാടി: യുവതിയെ ബലം പ്രയോഗിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാവിലുംപാറ കുനിയിൽ വീട്ടിൽ കെ.സി. മനോജ് (49), കുറ്റകൃത്യത്തിന് ഒത്താശ ചെയ്ത കൊട്ടിയൂർ നെടുമ്പാറ വീട്ടിൽ എൻ.ജി. ബിന്ദു (43), അതിജീവിതയുടെ ഭർതൃമാതാവ് എന്നിവരാണ് പിടിയിലായത്.
2026 ഏപ്രിലിൽ ബിന്ദു വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അമ്മയെ നോക്കാൻ ആളെ വേണമെന്ന് പറഞ്ഞ് ഭർതൃമാതാവാണ് അതിജീവിതയെ അവിടെ എത്തിച്ചത്. തുടർന്ന് അവിടെയുണ്ടായിരുന്ന ഒന്നാം പ്രതി മനോജ് യുവതിയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇതിനായി മനോജിൽ നിന്ന് ബിന്ദു പണം കൈപ്പറ്റി. സംഭവം പുറത്തുപറഞ്ഞാൽ കുടുംബം തകർക്കുമെന്നും ഫോട്ടോകൾ പ്രചരിപ്പിക്കുമെന്നും പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പരാതി ലഭിച്ചയുടൻ മാനന്തവാടി പോലീസ് കേസെടുക്കുകയും മാനന്തവാടി ഡി.വൈ.എസ്.പി. വി. ലതീഷ് അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു. കേസിൽ മുൻപ് അറസ്റ്റിലായ മനോജും ഭർതൃമാതാവും റിമാൻഡിൽ കഴിഞ്ഞുവരികയാണ്. കോടതിയിൽ ഹാജരാക്കിയ ബിന്ദുവിനെയും റിമാൻഡ് ചെയ്തു.





Leave a Reply