ടൗൺഷിപ്പിൽ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണം: മന്ത്രി അഡ്വ. ടി സിദ്ദീഖ്
കൽപ്പറ്റ: ടൗൺഷിപ്പിലെ നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി കൂട്ടിയിട്ട മണ്ണ് സമീപ പ്രദേശത്തെ കുടുംബങ്ങൾക്ക് ഭീഷണിയായതിനാൽ നീക്കം ചെയ്യണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. ടൗൺഷിപ്പിൽ പ്രവൃത്തി നടക്കുന്ന പ്രദേശത്ത് നിന്നും ഒലിച്ചിറങ്ങുന്ന മണ്ണ് പ്രദേശത്തെ വീടുകൾക്കും കുടുംബങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ പ്രദേശത്തെ കുടുംബങ്ങളോട് മാറി താമസിക്കാനും മന്ത്രി നിർദ്ദേശിച്ചു. പുൽപ്പാറയിലെ കുടുംബങ്ങളെ വീട്ടിലെത്തി നേരിൽ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബങ്ങൾ മാറി താമസിക്കുന്ന കാലയളവിൽ പ്രദേശത്തെ മണ്ണ് അടിയന്തിരമായി നീക്കം ചെയ്യാൻ യു.എൽ.സി.സിക്കും വീടുകളോട് ചേർന്ന് അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റ് മാറ്റി സുരക്ഷിതമായി സ്ഥാപിക്കാൻ കെ.എസ്.ഇ.ബി അധികൃതർക്കും മന്ത്രി കർശന നിർദ്ദേശം നൽകി. ടൗൺഷിപ്പ് ചീഫ് ഓപറേറ്റീങ് ഓഫീസർ ഇ.ടി രാകേഷ്, കൽപ്പറ്റ വില്ലേജ് ഓഫീസർ കെ ബാലൻ, കൽപ്പറ്റ നഗരസഭാ ഉദ്യോഗസ്ഥർ, യു.എൽ.സിസി പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.






Leave a Reply