സംരംഭക സഭ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
കൽപ്പറ്റ :സംസ്ഥാനത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി വ്യവസായ വാണിജ്യ വകുപ്പ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ സംരംഭക വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു.
ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും 4 മുതല്‍ 5 ലക്ഷം വരെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു പദ്ധതി. 2023-24 ല്‍ സംരംഭക വര്‍ഷം 2.0 ആയും 2024-25 ല്‍ സംരംഭക വര്‍ഷം 3.0 ആയും പദ്ധതി തുടരുന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഈ സംരംഭക വര്‍ഷത്തില്‍ ഇതുവരെ 2024 ഡിസംബര്‍ വരെ 2760 സംരംഭങ്ങള്‍ തുടങ്ങി. 25.81 കോടിയുടെ നിക്ഷേപവും 5902 തൊഴിലും സൃഷ്ടിക്കാനായി.
സംരംഭകര്‍ക്ക് കൈത്താങ്ങാകുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രാദേശിക തലത്തിലുള്ള സംരംഭക ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് വേണ്ടി തദ്ദേശ സ്വയം ഭരണ വകുപ്പും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ചേര്‍ന്ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ‘സംരംഭക സഭ ‘ നടത്തും. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിപ്പിച്ച് സംരംഭകരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ പരിഹാരം കാണുക, അവര്‍ക്ക് സഹായകരമാകുന്ന വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികളെ പരിചയപ്പെടുത്തുക എന്നിവയാണ് സംരംഭക സഭയുടെ പ്രധാന ലക്ഷ്യം. സംരംഭക സഭയുടെ ജില്ലാതല ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് സംരംഭക സഭയോടനുബന്ധിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ ജനുവരി 31 രാവിലെ 10 ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമകാര്യ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വ്വഹിക്കും. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ്കുട്ടി ബ്രാന്‍ അദ്ധ്യക്ഷനാവും.





Leave a Reply