പാവൽ കൃഷി വെട്ടി നശിപ്പിച്ചതായി പരാതി
പയ്യമ്പള്ളി:പയ്യമ്പള്ളിയിൽ പാവൽ കൃഷി വെട്ടി നശിപ്പിച്ചതായി പരാതി.പയ്യമ്പള്ളി മുട്ടൻകരയിൽ കെഎസ്ആർടിസി താൽക്കാലിക ജീവനക്കാരനായ പുളിക്കൽ സന്തോഷിന്റെ ഒന്നരയേക്കർ സ്ഥലത്തെ പാവൽ കൃഷിയാണ് രാത്രിയിൽ അജ്ഞാതർ വെട്ടിനശിപ്പിച്ചതായി പരാതി ലഭിച്ചത് .
സഹകരണ ബാങ്കിൽ നിന്നും സ്വാശ്രയസംഘങ്ങളിൽ നിന്നും വായ്‌പ എടുത്ത് രണ്ട് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പാവൽ കൃഷി നടത്തിയത്. ആദ്യ വിളവെടുപ്പിന് ശേഷം ഡ്രൈവറായ സന്തോഷ് കോട്ടയം ഓട്ടം കഴിഞ്ഞ് ഇന്നലെ രാവിലെ പാവൽ തോട്ടത്തിലെത്തിയപ്പോഴാണ് പാവലിന്റെ ചുവടുകൾ മുഴുവനും വെട്ടി നശിപ്പിച്ചതായി കണ്ടത് . 900 ചുവട് നട്ടതിൽ മൂന്ന് ചുവടൊഴിച്ച് ബാക്കിയെല്ലാം വെട്ടി നശിപ്പിച്ചതായി സന്തോഷ് പറഞ്ഞു. ജോലി കഴിഞ്ഞ് വന്നും, ഒഴിവു ദിവസങ്ങളിലും രാപ്പകൽ അധ്വാനിച്ച് കൃഷി ചെയ്ത പാവൽ വെട്ടിനശിപ്പിച്ചതിനാൽ വൻ നഷ്ടമുണ്ടായതായി സന്തോഷ് പറഞ്ഞു.
തികച്ചും സമാധാന അന്തരീക്ഷത്തിൽ കഴിയുന്ന ഈ പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ഹീന പ്രവർത്തി നടന്നതെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ഡിവിഷൻ കൗൺസിലർ ഷിബു കെ ജോർജ്ജ് പറഞ്ഞു.





Leave a Reply