May 8, 2026

സുഗന്ധഗിരിയിലെ മരംമുറി:അച്ചടക്ക നടപടി തീര്‍പ്പാക്കി സര്‍ക്കാര്‍ ഉത്തരവ്

0
Gfh
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: സുഗന്ധഗിരിയിലെ വനഭൂമിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് റേഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ. നീതുവിനെതിരേ സ്വീകരിച്ച അച്ചടക്ക നടപടി തീര്‍പ്പാക്കി സര്‍ക്കാര്‍ ഉത്തരവായി.റേഞ്ച് ഓഫീസറുടെ ഭാഗത്ത് മനഃപൂര്‍വമായ വീഴ്ച ഉണ്ടായില്ലെങ്കിലും ജാഗ്രതക്കുറവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന ശാസനയോടെയുമാണ് അച്ചടക്ക നടപടി തീര്‍പ്പാക്കിയത്.സൗത്ത് വയനാട് ഡിഎഫ്ഒ വരദൂര്‍ ടിമ്പേഴ്സിനു നല്‍കിയ ഫോറം 4 പാസ് പ്രകാരമാണ് തടികള്‍ മുറിച്ചുകൊണ്ടുപോയതെന്ന് റേഞ്ച് ഓഫീസര്‍ അണ്ടര്‍ സെക്രട്ടറിയെ അറിയിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവായത്.

സുഗന്ധഗിരിയില്‍ ഏലം പ്രോജക്ടിനു കൈമാറിയ നിക്ഷിപ്ത വനഭൂമിയിലെ താമസക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയായ 20 മരങ്ങള്‍ മുറിക്കുന്നതിനു നല്‍കിയ അനുമതിക്കു മറവില്‍ നൂറ്റിയേഴോളം മരങ്ങള്‍ വെട്ടിമാറ്റിയിരുന്നു. ഇത് സംബന്ധിച്ച് ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം ശിപാര്‍ശ ചെയ്തത് അനുസരിച്ചാണ് റേഞ്ച് ഓഫീസര്‍ക്കെതിരേ കുറ്റപത്രം നല്‍കി അച്ചടക്ക നടപടി ആരംഭിച്ചത്. മരങ്ങള്‍ മുറിച്ചുമാറ്റിയത് യഥാക്രമം കണ്ടെത്തി തടയുന്നതിലും തുടര്‍ നടപടി സ്വീകരിക്കുന്നതിലും റേഞ്ച് ഓഫീസര്‍ക്ക് വീഴ്ച സംഭവിച്ചതായി കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. റേഞ്ച് ഓഫീസറുടെ ജാഗ്രതക്കുറവ് 91 ഓളം മരങ്ങള്‍ അനധികൃതമായി മുറിച്ചുകടത്തിയത് കണ്ടെത്തി നടപടി സ്വീകരിക്കുന്നതില്‍ ഒരു മാസത്തോളം കാലതാമസത്തിനു കാരണമായെന്നും കേസില്‍ ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കണ്ടെത്തുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതിവാദ പത്രികയില്‍ റേഞ്ച് ഓഫീസര്‍ കുറ്റാരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചിരുന്നു. ലേലം ചെയ്ത 20 കുറ്റി മരങ്ങള്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാണ് ഫോറം 3 പാസ് അനുവദിച്ചത്. സുഗന്ധഗിരി 1087 ഹെക്ടറിന് മുകളില്‍ വിസ്തൃതിയുള്ളതായതില്‍ മുഴുവന്‍ സ്ഥലവും പരിശോധനയ്ക്ക് വിധേയമാക്കുന്നത് ദുഷ്‌കരമാണ്. വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതയായിരുന്നതിനാല്‍ മരംമുറി ശ്രദ്ധയില്‍പ്പെടാതെപോയി. മരംമുറി നടന്നത് അറിയിക്കുന്നതിലും തുടര്‍നടപടി സ്വീകരിക്കുന്നതിലും ഫീല്‍ഡ് ജീവനക്കാര്‍ വീഴ്ച വരുത്തി. വൈകിയാണ് അറിഞ്ഞതെങ്കിലും മുറിച്ചുമാറ്റിയ മരങ്ങളില്‍നിന്നുള്ള മുഴുവന്‍ തടികളും കണ്ടെത്തി. പ്രതികളെ പിടികൂടി. കേസില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷണത്തിന്റെ അന്തിമഘട്ടത്തിലാണ് സസ്പെന്‍ഷന് വിധേയയായത്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് 2024 ഫെബ്രുവരിയില്‍ 13 ദിവസം ഡിഎഫ്ഒയുടെ സഹായിയായി പ്രവര്‍ത്തിക്കേണ്ടിവന്നു. 2023 ജൂണ്‍ മുതല്‍ 2024 ഫെബ്രുവരി 19 വരെ കുപ്പാടി ടിമ്പര്‍ ഡിപ്പോയുടെ അധികച്ചുമതലയുണ്ടായിരുന്നു. എന്നിങ്ങനെയായിരുന്നു റേഞ്ച് ഓഫീസറുടെ പ്രതിവാദം.
പ്രതിവാദ പത്രികയില്‍ ഉത്തരമേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അഭിപ്രായം ലഭ്യമാക്കിയിരുന്നു. മരം മുറിച്ച സ്ഥലങ്ങളില്‍ ശരിയായി ഫീല്‍ഡ് പരിശോധന നടത്തുന്നതില്‍ റേഞ്ച് ഓഫീസര്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടായി. ഫീല്‍ഡ് സ്റ്റാഫിനെ പൂര്‍ണമായും വിശ്വാസത്തിലെടുത്തത് പിഴവിനു കാരണമായി. റേഞ്ച് ഓഫീസര്‍ നാല് വാഹനങ്ങളും ഒമ്പത് പ്രതികളെയും കണ്ടെത്തി തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോറം 4 പാസ് ഉടയുടെ പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നതിന് യഥാസമയം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സസ്പെന്‍ഷനിലായതുമൂലം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെവന്നു. റേഞ്ച് ഓഫീസറുടെ വാദങ്ങള്‍ അംഗീകരിക്കാവുന്നതാണ്. എന്നിങ്ങനെയാണ് ഉത്തര മേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അഭിപ്രായപ്പെട്ടത്.
റേഞ്ച് ഓഫീസര്‍ക്കെതിരായ അച്ചടക്ക നടപടിയില്‍ തുടര്‍നടപടി സ്വീകരിക്കാമെന്ന് അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(ഭരണം)ശിപാര്‍ശ ചെയ്തിരുന്നു. സാമാന്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഏഴിന് റേഞ്ച് ഓഫീസറെ വനം-വന്യജീവി അണ്ടര്‍ സെക്രട്ടറി നേരില്‍ കേള്‍ക്കുകയുണ്ടായി. വനസംരക്ഷണത്തിന് കല്‍പ്പറ്റ സെക്ഷനില്‍ നിയോഗിച്ച ഫീല്‍ഡ് സ്റ്റാഫ് അനധികൃത മരംമുറി സംബന്ധിച്ച വിവരം മൂടിവയ്ക്കുകയാണുണ്ടായതെന്ന് റേഞ്ച് ഓഫീസര്‍ അണ്ടര്‍ സെക്രട്ടറി മുമ്പാകെ അവകാശപ്പെട്ടു.
കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അനധികൃതമായി മുറിച്ചതില്‍ 160 ക്യുബിക് മീറ്റര്‍ തടി തിരിച്ചുപിടിച്ചു. മരങ്ങള്‍ കടത്തുന്നതിന് ഉപയോഗിച്ച ലോറിയും ക്രെയിനും ട്രാക്ടറും കസ്റ്റഡിയില്‍ എടുത്തു. മുഴുവന്‍ പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി കല്‍പ്പറ്റ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *