സ്ത്രീ ശാക്തീകരണത്തിൽ സ്വാശ്രയ സംഘങ്ങളുടെ പങ്ക് നിർണായകം ; കെ സി റോസക്കുട്ടി
സ്ത്രീ ശാക്തീകരണത്തിൽ സ്വാശ്രയ സംഘങ്ങളുടെ പങ്ക് നിർണായകമാണെന്ന് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ സി റോസക്കുട്ടി അഭിപ്രായപ്പെട്ടു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വനിതാ ദിനം 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
സോഷ്യൽ സർവീസ് സൊസൈറ്റി പോലുള്ള സന്നദ്ധ സംഘടനകളാണ് നമ്മുടെ നാട്ടിൽ സ്വാശ്രയ സംഘങ്ങൾക്ക് രൂപം നൽകിയത്. സാമൂഹ്യ വികസന മേഖലയിലും സ്ത്രീ ശാക്തീകരണത്തിലും സ്വാശ്രയ സംഘങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തിയപ്പോഴാണ് സർക്കാർ തലത്തിൽ കുടുംബശ്രീ സംവിധാനം നിലവിൽ വന്നതെന്നും അവർ പറഞ്ഞു.
സമൂഹത്തിലെ സ്ത്രീകളുടെ സമഗ്രവികസനത്തിനായി സ്വയം തൊഴിൽ സംരംഭങ്ങൾ കാര്യക്ഷമമായി വികസിപ്പിക്കണം. സ്വാശ്രയ സംഘങ്ങൾ ഇതിനുള്ള മികച്ച വേദിയായി ഉപയോഗപ്പെടുത്തണം. ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകാൻ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ തയ്യാറാണെന്നും കെ സി റോസക്കുട്ടി വ്യക്തമാക്കി.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പാലംപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജോസ് പി എ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ആലിസ് സിസിൽ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഗവേർണിംഗ് ബോഡി അംഗം വത്സ ജോസഫ്, എടയൂർകുന്ന് സോഷ്യൽ വെൽഫെയർ സൊസൈറ്റി സെക്രട്ടറി ശോഭന കെ ആർ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർമാരായ ചിഞ്ചു മരിയ, ജാൻസി ജിജോ, റീജിയണൽ കോ ഓർഡിനേറ്റർ ഷീന ആന്റണി എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന ക്ലാസിന് മാനന്തവാടി മുനിസിപ്പൽ കൗൺസിലർ സ്മിത കൂട്ടൂങ്കൽ നേതൃത്വം നൽകി. ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സോഷ്യൽ വെൽഫെയർ സൊസൈറ്റികളിൽനിന്നുള്ള അംഗങ്ങളുടെ കലാപരിപാടികൾ, കലാ കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. പരിപാടിക്ക് റീജിയണൽ കോ ഓർഡിനേറ്റർമാരായ ജിനി ഷിനു, ബിൻസി വർഗീസ്, ലിജ കുര്യക്കോസ്, അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജിലെ എം എസ് ഡബ്ല്യൂ വിദ്യാർത്ഥികളായ റോസ് മേരി, അനഘ എം എഫ് എന്നിവർ നേതൃത്വം നൽകി.





Leave a Reply