ചുരത്തിലെ ഗതാഗത കുരുക്ക്: മണിക്കൂറുകളോളം ജലപാനമില്ലാതെ ജനങ്ങള്‍ യാത്രാക്ലേശത്തില്‍
കല്‍പ്പറ്റ : അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ജില്ലയായ വയനാട്, ഗതാഗത സൗകര്യങ്ങളില്ലാതെ വീര്‍പ്പ്മുട്ടുകയാണ്. ചുരത്തിലെ ഗതാഗത തടസ്സം മൂലം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മറ്റ് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളിലേക്കും കൊണ്ട് പോകുന്ന അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് തുടര്‍ച്ചയായി ജീവന്‍ നഷ്ടപ്പെട്ടിട്ട് പോലും അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോള്‍സണ്‍ കൂവക്കല്‍ അറിയിച്ചു.
മൂന്ന് ഭാഗങ്ങളിലും മലനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നതിനാല്‍ ഇടുങ്ങിയ ചുരം റോഡില്‍ താങ്ങാവുന്നതിനേക്കാള്‍ പതിന്മടങ്ങ് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തും പി.ജെ. ജോസഫ് പി.ഡബ്‌ള്യൂ.ഡി. മന്ത്രിയായിരുന്നപ്പോഴും ബദല്‍ മാര്‍ഗങ്ങളായ ചിപ്പിലിത്തോട്- മരുതിലാവ് – തളിപ്പുഴ റോഡ്, പടിഞ്ഞാറത്തറ പൂഴിത്തോട് – വിലങ്ങാട് റോഡ്, നിലമ്പൂര്‍ – നഞ്ചങ്കോട് റെയില്‍വേ തുടങ്ങിയവ സജീവമായി പരിഗണിച്ചിരുന്നു. ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ നിര്‍മിക്കാന്‍ കഴിയുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിന് സര്‍വ്വേ നടപ്പിലാക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ട്‌പ്പോലും അത് പൂര്‍ത്തീകരിക്കാന്‍ നാളിതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേവലം അഞ്ഞൂറ് കോടി രൂപ മാത്രം മതിയാകുന്ന ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ബൈപ്പാസ് റോഡ് നിര്‍മാണത്തിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് കെ-റെയില്‍ പദ്ധതിയുടേത് പോലെ വന്‍ തുക കമ്മീഷന്‍ ലാഭമാക്കാക്കിയുള്ള നീക്കമാണ്. ജില്ലയിലെ പാവപ്പെട്ട ജനങ്ങളെ വിഡ്ഢികളാക്കി ബഫര്‍ സോണ്‍ വിഷയത്തിലും രാത്രികാല യാത്രാ നിരോധനത്തിലും തുടങ്ങി കാര്‍ഷിക മേഖലയെ തീര്‍ത്തും നാമാവശേഷമാക്കിയിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷി നശിക്കുകയും വിലത്തകര്‍ച്ച കൊണ്ട് നിത്യവൃത്തിക്ക് വകയില്ലാതെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലും വയനാട്ടിലെ ജനങ്ങളുടെ യാത്ര ദുരിതത്തിന് ശാശ്വതമായ പരിഹാരം ഉടനടി കണ്ടെത്തി നടപ്പാക്കിയില്ലെങ്കില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോള്‍സണ്‍ കൂവക്കല്‍ അറിയിച്ചു.





Leave a Reply