August 19, 2026

ലഹരിവിരുദ്ധ പോരാട്ടത്തിൽ വേറിട്ട വഴി സ്വീകരിച്ച് പനമരം കുട്ടി പോലീസ്

0
IMG_20250606_131252
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കുട്ടികളെയും പൊതുസമൂഹത്തെയും ബോധവൽക്കരിക്കുന്നതിനായി വേറിട്ട പ്രചാരണ പരിപാടിയുമായി പനമരം കുട്ടി പോലീസ്. ലഹരി വിരുദ്ധ സന്ദേശം പട്ടം പറത്തുന്നതിലൂടെ കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി, ജില്ലയിലെ ആദ്യത്തെ സംരംഭമാണ്. പനമരം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലാണ് ഇതിന് തുടക്കമിട്ടത്.

ഈ പ്രചാരണത്തിൻ്റെ ഭാഗമായി സ്കൂളിലെ ഏകദേശം നൂറോളം വിദ്യാർഥികൾ സ്വന്തമായി പട്ടങ്ങൾ നിർമ്മിക്കുകയും അതിൽ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്തു. ഡ്രഗ്സ് പോലുള്ള സാമൂഹിക വിപത്തുകളെ സമൂലമായി പിഴുതെറിയുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ പട്ടങ്ങൾ ആകാശത്തേക്ക് ഉയർത്തിയത്.

പട്ടം പറത്തലിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥി വിദ്യാർഥിനികളും തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിക്കുകയില്ലെന്നും, മയക്കുമരുന്നുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങൾ കണ്ടാലും അത് ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കുമെന്നും പ്രതിജ്ഞയെടുത്ത ശേഷമാണ് പരിപാടിയിൽ പങ്കാളികളായത്.

സ്കൂൾ കോമ്പൗണ്ടിൽ നടന്ന ഈ ലഹരിവിരുദ്ധ പട്ടം പറത്തൽ പരിപാടിക്ക് പ്രിൻസിപ്പാൾ രമേഷ് കുമാർ, ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്, പി.ടി.എ പ്രസിഡൻ്റ് സി.കെ. മുനീർ, എസ്.പി.സി സി.പി.ഒമാരായ നവാസ്, രേഖ എന്നിവർ നേതൃത്വം നൽകി. ലഹരിക്കെതിരായ ഈ പുതിയ പ്രചാരണ രീതി സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *