വനത്തിൽ സസ്യവിത്തുകൾ പാകി വിദ്യാർത്ഥികൾ
പുൽപ്പള്ളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി എം.എം.ജി.എച്ച്.എസ് കാപ്പിസെറ്റിൽ വ്യത്യസ്തമായ പരിപാടികളോടെ ദിനാചരണം സംഘടിപ്പിച്ചു. പതിവ് ആഘോഷങ്ങളിൽ നിന്ന് മാറി, വനത്തിൽ സസ്യവിത്തുകൾ പാകിക്കൊണ്ട് പരിസ്ഥിതിക്ക് തണലൊരുക്കുന്ന വേറിട്ടൊരു പ്രവർത്തനത്തിനാണ് ഇത്തവണ വിദ്യാലയം നേതൃത്വം നൽകിയത്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന, ക്വിസ് മത്സരം, പരിസ്ഥിതി ദിന കഥാപ്രസംഗം എന്നിവയും നടന്നു. ഇതിനെല്ലാം പുറമെയാണ് വനം വന്യജീവി വകുപ്പുമായി സഹകരിച്ച് സ്കൂളിലെ എസ്.പി.സി വിഭാഗം വിദ്യാർത്ഥികൾ നടത്തിയ വിത്ത് ബോൾ നിർമ്മാണവും വിതരണവും. ജൈവവൈവിധ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച വിത്ത് ബോളുകൾ വനത്തിന്റെ വിവിധ ഭാഗങ്ങളിൽ എറിഞ്ഞ് വിദ്യാർത്ഥികൾ മാതൃകയായി.
സ്കൂൾ ഹെഡ്മിസ്ട്രസ് പ്രമീള ടീച്ചർ സ്വാഗത പ്രസംഗം നടത്തി. വിത്ത് ബോൾ നിർമ്മാണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും കെ.സി. രമണി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷിബു ശങ്കർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സൗമ്യ ബി എന്നിവർ വിദ്യാർത്ഥികളോട് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് മാർഗരറ്റ് മാനുവൽ, സ്റ്റാഫ് സെക്രട്ടറി അഭിലാഷ് പി.വി., മോഹനൻ കെ.കെ. എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കാനും പ്രായോഗിക തലത്തിൽ പ്രകൃതിക്ക് ഗുണകരമായ പ്രവർത്തനങ്ങൾ നടത്താനും ഈ ദിനാചരണം സഹായകമായി.





Leave a Reply