May 6, 2026

വനിതാ സോഫ്റ്റ്‌ബോള്‍ മത്സരത്തില്‍ എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിക്കും

0
site-psd-2
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ഏഷ്യാ കപ്പ് വനിതാ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയിലെ കായിക താരം എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കും. ജൂലൈ 11 മുതല്‍ 20 വരെ ചൈനയിലെ സിയാനില്‍ നടക്കുന്ന ഏഷ്യാ കപ്പ് വനിതാ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സര്‍ക്കാര്‍ അനുവദിച്ച 1,70,000 രൂപ നല്‍കിയാണ് ശ്രുതി മത്സരിക്കുക.
നിര്‍ദ്ധന കുടുംബത്തിലെ അംഗമായ ശ്രുതിയുടെ പിതാവിന് കൂലിപ്പണിയില്‍ നിന്നും മാതാവിന് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നുള്ള വേതനമാണ് ഏക വരുമാനമാര്‍ഗ്ഗം. ലൈഫ് മിഷന്‍ മുഖേന ലഭിച്ച വീട് പൂര്‍ത്തീകരണ ഘട്ടത്തിലാണ്.

ഇതിനിടെയാണ് താരത്തിന് ഏഷ്യാ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. ചാമ്പ്യന്‍ഷിപ്പിന് പങ്കെടുക്കാനുള്ള പണം മാതാപിതാക്കള്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രുതി പട്ടികജാതി വികസന വകുപ്പിന് നല്‍കിയ അപേക്ഷ പരിഗണിച്ച് ജില്ലാ കളക്ടറും ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസറും പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ക്ക് സംയുക്ത റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ നിര്‍ദ്ദേശാനുസരണം മുന്‍കൂറായി ധനസഹായ തുക അനുവദിച്ച് ഉത്തരവായി. അടുത്ത പ്രവര്‍ത്തി ദിവസം തന്നെ തുക ശ്രുതിയുടെ അക്കൗണ്ടിലേക്ക് നല്‍കുമെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു. സര്‍ക്കാരില്‍ നിന്നും ലഭിച്ച പിന്തുണയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറാവുകയാണ് ശ്രുതി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *