May 26, 2026

കെ.പി.സുനില്‍ കുമാറിനെതിരെയുള്ള അച്ചടക്ക നടപടി അവസാനിപ്പിച്ചു

0
site-psd-9
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ച് ഓഫീസറായിരുന്ന (അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍)കെ.പി. സുനില്‍കുമാറിനെതിരേ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ ശിപാര്‍ശയില്‍ സ്വീകരിച്ച അച്ചടക്ക നടപടി അവസാനിപ്പിച്ചും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയും സര്‍ക്കാര്‍ ഉത്തരവായി. മതിയായ രേഖകള്‍ ഇല്ലാതെയുള്ള ദര്‍ഘാസുകളില്‍ ടെന്‍ഡര്‍ അനുവദിക്കുന്നുവെന്ന സോഴ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് 2020 ഓഗസ്റ്റ് 18ന് ഡയറക്ടര്‍ നല്‍കിയ കത്തില്‍ ശിപാര്‍ശ ചെയ്തതുപ്രകാരം സ്വീകരിച്ച അച്ചടക്ക നടപടികളാണ് അവസാനിപ്പിച്ചത്.

സുനില്‍കുമാര്‍ സര്‍വീസില്‍നിന്നു വിരമിച്ചതാണ്.
2019-20ല്‍ വിസ്ത ക്ലിയറന്‍സ്, അധിനിവേശ കളകള്‍ നീക്കല്‍, വയല്‍ ശുചീകരണം ഉള്‍പ്പെടെ 135 പ്രവൃത്തികള്‍ക്ക് ദര്‍ഘാസിനൊപ്പം പ്രിലിമിനറി എഗ്രിമെന്റ് സമര്‍പ്പിക്കാത്തതും പ്രവൃത്തികള്‍ ഒന്നിച്ച് ഇ ടെന്‍ഡര്‍ ചെയ്യുന്നതിനു പകരം സ്പ്ലിറ്റ് ചെയ്തതും സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. പ്രവൃത്തികള്‍ കരാറുകാരനില്‍നിന്നു ഏറ്റെടുത്ത് ചെയ്യിച്ച അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതായും കണ്ടെത്തി. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.കെ. ആസിഫിനും അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുനില്‍കുമാറിനും എതിരേ വകുപ്പുതല നടപടി സ്വീകരിക്കാനും കരാറുകാരനെ ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്താനുമാണ് വിജിലന്‍സ് ഡയറക്ടറുടെ കത്തില്‍ ശിപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ മേലധികാരി നേരില്‍ക്കേട്ടതിനുശേഷം സമര്‍പ്പിച്ച റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരേ അച്ചടക്ക നടപടി ആരംഭിച്ചത്.
വന്യജീവി സങ്കേതത്തിലെ 2018-19ലെ ആവാസ വ്യവസ്ഥ മെച്ചപ്പടുത്തല്‍ പ്രവൃത്തികള്‍ ഒന്നിച്ച് ടെന്‍ഡര്‍ ചെയ്തിരുന്നു. ഇത് ക്രമവിരുദ്ധമാണെന്നും തിരുത്തണമെന്നും 2019 ഫെബ്രുവരി 11 മുതല്‍ 19 വരെ സങ്കേതത്തില്‍ ഓഡിറ്റ് നടത്തിയ ഇന്റേണല്‍ ടീം നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലാണ് 2019-20ലെ പ്രവൃത്തികള്‍ പ്രത്യേകം ടെന്‍ഡര്‍ ചെയ്തതെന്നും അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ള പ്രവൃത്തികള്‍ക്ക് ഇ ടെന്‍ഡര്‍ ആവശ്യമില്ലെന്നും സമയബന്ധിതമായി ചെയ്തുതീര്‍ക്കേണ്ടതിനാലാണ് ചില ന്യൂനതകള്‍ സംഭവിച്ചതെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരായ അച്ചടക്ക നടപടി 2022 ജനുവരി 12ലെ ഉത്തരവ് പ്രകാരം അവസാനിപ്പിച്ചു.
വിസ്ത ക്ലിയറന്‍സ്, അധിനിവേശ കളകള്‍ നീക്കല്‍, വയല്‍ ശുചീകരണം എന്നീ പ്രവൃത്തികള്‍ കരാറുകാരനില്‍നിന്നു ഏറ്റെടുത്ത് ചെയ്യിക്കുകവഴി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട ചട്ടം 48(1) ലംഘിച്ചു, ഔദ്യോഗിക കൃതൃനിര്‍വഹണത്തില്‍ ഗുരുതര വീഴ്ചവരുത്തി എന്നിവയായിരുന്നു അസി.വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരായ മുഖ്യ ആരോപണങ്ങള്‍. ഇവ അദ്ദേഹം പ്രതിവാദ പത്രികയില്‍ നിഷേധിച്ചു. റേഞ്ചുകളിലെ ജോലികള്‍ കൃത്യമായും യഥാസമയവും നടത്തേണ്ടത് റേഞ്ച് ഓഫീസറുടെ ഉത്തരവാദിത്തമാണ്. ഇതനുസരിച്ച് പ്രവൃത്തികള്‍ മെഷര്‍ ചെയ്ത് ഗുണനിലവാരം പരിശോധിച്ചതല്ലാതെ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. നേരില്‍ കേള്‍ക്കുന്നതിന് അവസരം നല്‍കണമെന്ന് അപേക്ഷിച്ചു. ഇതു മാനിച്ച് 2022 നവംബര്‍ 22ന് സുനില്‍കുമാറിനെ വനം-വന്യജീവി വകുപ്പ് അണ്ടര്‍ സെക്രട്ടറി നേരില്‍ക്കേട്ടു. കുറ്റം ചെയ്തില്ലെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയില്ലെന്നും സുനില്‍കുമാര്‍ ബോധിപ്പിച്ചു. കുറ്റവിമുക്തനാക്കണമെന്ന് അഭ്യര്‍ഥിച്ചു.
കരാര്‍ വ്യവസ്ഥയിലാണ് മുത്തങ്ങ റേഞ്ചില്‍ വയല്‍ ശുചീകരണം, വിസ്ത ക്ലിയറന്‍സ്, അധിനിവേശ കളകള്‍ നീക്കല്‍ എന്നിവ നടത്തിയത്. ഈ പ്രവൃത്തികള്‍ സുനില്‍കുമാര്‍ നേരിട്ടുചെയ്യിച്ചു എന്ന് തെളിയിക്കുന്നതിന് രേഖകളോ തെളിവുകളോ ലഭ്യമല്ലെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നേരത്തേ ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റ് വിശദീകരണം സ്വീകാര്യമാണെന്ന് ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അഭിപ്രായപ്പെടുകയുമുണ്ടായി. ഇക്കാര്യങ്ങള്‍ പരിശോധിച്ചാണ് 1960ലെ കേരള സിവില്‍ സര്‍വീസ്(തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടം 16 പ്രകാരമുള്ള അച്ചടക്ക നടപടി അവസാനിപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *