June 19, 2026

പിടിവിട്ട് അവശ്യ സാധനങ്ങളുടെ വില

0
site-psd-10
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:പച്ചക്കറികള്‍ക്കൊപ്പം മത്സ്യങ്ങളുടേയും ഇറച്ചിയുടേയും വില കുതിച്ചുയരുന്നു.തേങ്ങക്ക് കിലോ വില 85 രൂപയിലേക്ക് കുതിച്ചുയര്‍ന്നതോടെ വെളിച്ചണ്ണ വില 340 ലെത്തി. തക്കാളിക്ക് ആഴ്ചകള്‍ക്കകം ഇരട്ടിയോളം വിലയാണ് വര്‍ധിച്ചത്. 35 രൂപയാണ് ഇപ്പോഴത്തെ വില. രണ്ടാഴ്ച മുമ്പ് 70 മുതല്‍ 80 രൂപ വരെ വിലയുണ്ടായിരുന്ന ബീന്‍സിന് 110 മുതല്‍ 120 രൂപ വരേയാണ് ഇപ്പോഴത്തെ വില. 40 രൂപ വിലയുണ്ടായിരുന്ന പയറിനന്റെ ബുധനാഴ്ചത്തെ ചില്ലറ വില്‍പന വില 70 രൂപയാണ്.പിടിവിട്ട് മീന്‍ ട്രോളിങ് നിരോധനത്തിന് മുമ്പെതന്നെ മീന്‍ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്.

40 രൂപയുണ്ടായിരുന്ന വെണ്ടയ്ക്ക 70 ല്‍ എത്തി. 60 രൂപയുണ്ടായിരുന്ന മുരിങ്ങക്ക് 120 രൂപയാണ് ഇപ്പോഴത്തെ ചില്ലറ വില്‍പന വില. ഊട്ടി കാരറ്റിന് 70 രൂപയായി. ഇറച്ചിക്കും വില കുതിക്കുന്നുണ്ട്. കോഴിയിറച്ചി സീസണ്‍ അല്ലാതിരിന്നിട്ടു കൂടി കിലോഗ്രാമിന് 200 നു മുകളിലാണ് ഈ ആഴ്ചത്തെ വില. ബുധനാഴ്ച ചില്ലവില്‍പനയില്‍ 210 മുതല്‍ 240 രൂപ വരെയാണ് കോഴിയിറച്ചിക്ക്. വില കൂടിയതോടെ വില്‍പനയും കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും തമിഴ്നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതുമാണ് വിലവര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബീഫിനും വില വര്‍ധിച്ചിട്ടുണ്ട്. കിലോഗ്രാമിന് 320 രൂപ വിലയുണ്ടായിരുന്നത് ഇപ്പോള്‍ 370 മുതല്‍ 400 രൂപ വരെയെത്തി. മീനിനും കോഴിയിറച്ചിക്കും ബീഫിനുമെല്ലാം വില കൂടിയതോടെ ഇവ ഉപയോഗിച്ച് പാകം ചെയ്യുന്ന വിഭവങ്ങള്‍ക്കും ചില ഹോട്ടലുകള്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്.

കടല്‍ ക്ഷോഭം കാരണം പല വള്ളങ്ങളും തിരിച്ചു പോരേണ്ടി വരുന്നതും മീനിനന്റെ ലഭ്യതക്കുറവുമാണ് മത്സ്യങ്ങളുടെ വില വര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ ചെലവുള്ള മത്തിക്ക്(ചാള) പെരുന്നാള്‍ പിറ്റേന്ന് 200 രൂപയായിരുന്നു വില. എന്നാല്‍ ബുധനാഴ്ച ഇത് 260 രൂപയിലെത്തി. നത്തള്‍, കോര പോലുള്ള മീനുകളേക്കാളും കൂടുതല്‍ വില മത്തിക്കായി. പെരുന്നാളിന് മുമ്പ് മത്തിവില 300 കടന്നിരുന്നു. കടലില്‍ മത്തിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് മീന്‍ പിടുത്തക്കാര്‍ പറയുന്നത്. 240 രൂപ വിലയുണ്ടായിരുന്ന അയലക്ക് 300 രൂപയായി. അയക്കൂറ, ആവോലി തുടങ്ങിയ വി.ഐ.പി മീനുകള്‍ക്കും വില വര്‍ധിച്ചു. അയക്കൂറ കിലോയ്ക്ക് 1300 രൂപയാണ് ഇപ്പോഴത്തെ വില. ട്രോളിങ് നിരോധനം കൂടി വന്നതോടെ മത്സ്യത്തിന് ഇനിയും വില കൂടുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *