May 6, 2026

മേപ്പാടി അപകടം: വയോധികയുടെ മരണം കൊലപാതകമെന്ന് ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി

0
IMG_20250612_193332
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ജൂൺ എട്ടാം തീയതി മേപ്പാടി ഒന്നാം മൈലിൽ വെച്ച് നടന്ന വാഹനാപകടത്തിൽ കാസർകോട് സ്വദേശിനിയായ ബിയ്യുമ്മയുടെ മരണം മനഃപൂർവമുള്ള കൊലപാതകമാണെന്ന് ആരോപിച്ച് ജനകീയ ആക്ഷൻ കമ്മിറ്റി രംഗത്ത്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഈ വരുന്ന തിങ്കളാഴ്ച (ജൂൺ 16, 2025) മേപ്പാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു.

 

ഞായറാഴ്ച ഉച്ചയോടെ മേപ്പാടി മാപ്പിള തോട്ടത്തിൽ നിന്ന് നെല്ലിമുണ്ടയിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ബിയ്യുമ്മയെയും കൊച്ചുമകൻ അഫ്‌ലഹിനെയും ബോലേറോ വാഹനം പിന്തുടർന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാസർകോട് സ്വദേശികളായ അഞ്ചുപേർ സഞ്ചരിച്ച ബോലേറോ, പോക്കറ്റ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് പ്രവേശിക്കുമ്പോൾ സ്കൂട്ടർ കുറുകെ വന്നുവെന്ന കാരണത്താൽ അവിടെ വെച്ച് തന്നെ സ്കൂട്ടർ യാത്രക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുകയും വലിയ രീതിയിലുള്ള ആക്രോശങ്ങളും ഭീഷണിയും മുഴക്കുകയും ചെയ്തിരുന്നതായി ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു.

 

തുടർന്ന് ഒരു കിലോമീറ്ററോളം ദൂരം ബോലേറോ സ്കൂട്ടറിനെ പിന്തുടരുകയായിരുന്നു. നിരവധി തവണ സൈഡ് നൽകി മുന്നോട്ട് പോകാൻ അവസരം നൽകിയിട്ടും ബോലേറോ സ്കൂട്ടറിനെ മറികടക്കാതെ പിന്തുടർന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ആക്ഷൻ കമ്മിറ്റി പറയുന്നു. അപകടത്തിൽ ബിയ്യുമ്മ തൽക്ഷണം മരിക്കുകയും അഫ്‌ലഹിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

 

പ്രതികൾ അപകടസമയത്ത് ലഹരിയിലായിരുന്നെന്നും, അവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് നിരവധി മദ്യക്കുപ്പികൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചിരുന്നു. ഇത് വെറുമൊരു അപകടമരണമല്ല, മറിച്ച് മനഃപൂർവമുള്ള കൊലപാതകം തന്നെയാണെന്നും, അതുകൊണ്ട് വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നു.

 

ഈ വിഷയത്തിൽ ശക്തമായ നിലപാടെടുക്കാൻ 51 അംഗ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. വാർഡ് മെമ്പർ സുനീറ മുഹമ്മദ് റാഫി, എട്ടാം വാർഡ് മെമ്പർ മിനികുമാർ എന്നിവർ രക്ഷാധികാരികളും, ഓ. ഭാസ്കരൻ ചെയർമാനും, സി. ശിഹാബ് കൺവീനറും, ടി. മുഹമ്മദ് ബഷീർ ട്രഷററുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *